കാരുണ്യത്തിന്റെ കൈത്താങ്ങുമായി മെറീന ബോയ്സ് ക്ലബ്ബ്

കിൽത്താൻ: കിൽത്താൻ ഡയാലിസിസ് സെന്ററിലെ രോഗികൾക്ക് ആശ്വാസമേകുന്നതിനായി ക്ലബ്ബ് അംഗങ്ങൾ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്പിറ്റൽ ബെഡ് സെന്ററിന് കൈമാറിയിരിക്കുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് തുടർന്നു വരുന്ന മെറീന ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബിൻ്റെ മറ്റൊരു യജ്ഞമാണ് ഇതിലൂടെ പൂർത്തിയാകുന്നത്.
നാടിന്റെ ആരോഗ്യ മേഖലയിൽ തങ്ങളാൽ കഴിയുന്ന സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാക്കളുടെ ഈ കൂട്ടായ്മ ഇങ്ങനെയൊരു ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്. ഡയാലിസിസ് സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ക്ലബ്ബ് പ്രതിനിധികൾ ബന്ധപ്പെട്ടവർക്ക് ബെഡ് കൈമാറി. രോഗാതുരമായ അവസ്ഥയിൽ കഴിയുന്നവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വലിയ സഹായമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ എല്ലാം അഭിപ്രായപ്പെട്ടു.
നാട്ടുകാരായ ഓരോരുത്തരുടെയും വലിയ മനസ്സും സഹകരണവുമാണ് ഈ ലക്ഷ്യം പൂർത്തീകരിക്കാൻ ഞങ്ങളെ സഹായിച്ചതെന്ന് ക്ലബ്ബ് ഭാരവാഹികൾ സ്മരിക്കുകയും ചെയ്തു. തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മേൽനോട്ടത്തിൽ നാട്ടുകാർ പണം സ്വരൂപിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഡയാലിസിസ് സെൻ്റർ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.പെരുന്നാൾ രാത്രിയിൽ നാട്ടുകാരെയെല്ലാം സെൻ്റർ കാണുന്നതിന് വേണ്ടി നിർദ്ദേശിച്ചിരിക്കുകയാണ്.