അഗത്തി രാജീവ് ഗാന്ധി സ്പെഷാലിറ്റി ഹോസ്പിറ്റലിലേക്ക് എംആർഐ മെഷീൻ: 11.32 കോടി രൂപ ഫണ്ട് അനുവദിച്ചു

അഗത്തി: ലക്ഷദ്വീപിലെ ആരോഗ്യ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങി അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ആശുപത്രിയിലേക്ക് അത്യാധുനികമായ എംആർഐ സ്കാനിംഗ് മെഷീൻ (1.5 Tesla Helium Free) വാങ്ങുന്നതിനായി 11,32,42,166 രൂപയുടെ അഡ്വാൻസ് തുക അനുവദിച്ചുകൊണ്ട് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവായി.
മുൻ ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിൻ്റെ ശുപാർശ പ്രകാരം 16, 17 ലോകസഭകളിലെ എംപി ലാൻഡ് (MPLAD) ഫണ്ട് വിനിയോഗിച്ചാണ് ഈ മെഷീൻ വാങ്ങുന്നത്. അനുവദിച്ച മൊത്തം തുകയിൽ 3.75 കോടി രൂപ 16-ാം ലോകസഭയിലെ ഫണ്ടിൽ നിന്നും, ബാക്കി 7.57 കോടിയിലധികം രൂപ 17-ാം ലോകസഭയിലെ ഫണ്ടിൽ നിന്നുമാണ് ലഭ്യമാക്കുന്നത്.
തിരുവനന്തപുരത്തെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനാണ് (KMSCL) മെഷീൻ ലഭ്യമാക്കുന്നതിനുള്ള കരാർ നൽകിയിരിക്കുന്നത്. ലക്ഷദ്വീപ് ഹെൽത്ത് സർവീസസ് ഡയറക്ടർ എം. ഭരണി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തുക ഉടൻ കൈമാറും.
ദ്വീപുനിവാസികൾക്ക് സ്കാനിംഗ് ആവശ്യങ്ങൾക്കായി വൻകരകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ പുതിയ എംആർഐ മെഷീൻ സജ്ജമാകുന്നതോടെ സാധിക്കും. അത്യാധുനികമായ ‘ഹീലിയം ഫ്രീ’ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മെഷീനായതിനാൽ ഇതിൻ്റെ പരിപാലനവും എളുപ്പമായിരിക്കും.