ബുധനാഴ്ച വാഹന അനൗൺസ്മെൻ്റിന് അപേക്ഷ സ്വീകരിച്ചില്ല: പ്രതിഷേധത്തിനൊരുങ്ങി സി.പി.ഐ.എം.ചെത്ത്ലാത്ത്


ചെത്ത്ലത്ത് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചിന് ഒരുങ്ങി സിപിഐ(എം)

ചെത്ത്ലത്ത്: ലക്ഷദ്വീപ് ഭരണകൂടം ബുധനാഴ്ചകളിൽ ഏർപ്പെടുത്തിയ വാഹന നിരോധന ഉത്തരവ് റംസാൻ കഴിയുന്നതുവരെ നടപ്പാക്കില്ലെന്ന് അഡ്മിനിസ്‌ട്രേഷൻ കോടതിയെ അറിയിച്ചതിന് പിന്നാലെ, സിപിഐ(എം) ചെത്ത്ലത്ത് ബ്രാഞ്ച് വാഹന അനൗൺസ്മെന്റിന് നൽകിയ അപേക്ഷയിലാണ് പോലീസ് ഈ നിലപാട് സ്വീകരിച്ചതെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.

ബുധനാഴ്ച വാഹന അനൗൺസ്മെന്റിന് അപേക്ഷ വന്നാൽ അത്തരം അപേക്ഷകൾ സ്വീകരിക്കേണ്ടതില്ലെന്നും, സ്വീകരിച്ച് പെർമിഷനായി കവരത്തിയിലേക്ക് അയച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫീസറെ മേലധികാരികൾ വിളിച്ചു ശാസിക്കാറുണ്ടെന്നും ഡ്യൂട്ടി പോലീസ് സിപിഐ(എം) നേതാക്കളോട് പറഞ്ഞു.

വാഹന രഹിത ദിനവുമായി ബന്ധപ്പെട്ട സമരമാണെന്ന് കാരണമായി കാണിച്ചാൽ പെർമിഷൻ അനുവദിക്കേണ്ടതില്ലെന്നും, മദ്യവുമായി ബന്ധപ്പെട്ട വിഷയമാണെങ്കിൽ അനുവദിക്കാമെന്നുമാണ് നിർദേശം ലഭിച്ചിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ, ഭരണകൂടം ലക്ഷദ്വീപിൽ കൊണ്ടുവന്നിട്ടുള്ള “എല്ലാ വിചിത്ര നിയമങ്ങൾക്കും എതിരെയാണ് സമരം” എന്ന പരാമർശം അപേക്ഷയിൽ നിന്ന് ഒഴിവാക്കി, പ്രത്യേകമായ ഒരു വിഷയം മാത്രം എഴുതി ചേർക്കണമെന്നും പോലീസ് ആവശ്യപ്പെട്ടതായി സിപിഐ(എം) ആരോപിച്ചു.

പൊതുയോഗം സംഘടിപ്പിക്കുന്നതിന് റംസാൻ മാസം ആയതിനാൽ സമയപരിമിതി ഉണ്ടെന്നും, രാത്രി 10 മണിക്ക് ശേഷം സമയം നീട്ടി അനുവദിക്കാനാകില്ലെന്നും പോലീസ് വിശദീകരിച്ചു.

ഈ സാഹചര്യത്തിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെ ചെത്ത്ലത്ത് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതിനായി സിപിഐ(എം) പുതിയ പെർമിഷൻ അപേക്ഷ സമർപ്പിക്കേണ്ടിവന്നു. എന്നാൽ ഈ അപേക്ഷക്കും അനുമതി ലഭിക്കുമോ എന്നതിൽ വലിയ സംശയം നിലനിൽക്കുന്നുവെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.