ധീരനായ കടൽ പോരാളി

(by PK മുസ്തഫാ ഖാൻ)


പതിനെട്ടാം തീയതി( ഒക്ടോബർ, 2025) നേരം വെളുത്തു തുടങ്ങുന്ന സമയം അമ്മേനി ദ്വീപിലെ ഈസ്റ്റേൺ ജെട്ടി. അതിൽ പിടിച്ചിരിക്കുന്ന നൂ ർ അൽ ഖാദിരിയ്യ എന്ന മഞ്ജു. അതിശക്തമായ തുലാവർഷക്കാറ്റ് (കരക്കാറ്റ്) ആഞ്ഞടിക്കുന്നു. കാറ്റിന്റെ ശക്തിയിൽ മഞ്ജു ഇരു വശങ്ങളിലേക്കും ആടി ഉലയുന്നു. അതിൻ്റെ മുകൾ തട്ടിൽ വെച്ച സാധനങ്ങൾ മറിഞ്ഞ് ‘കള്ളിക്ക്’ വീഴുന്നു. അതിലുണ്ടായിരുന്ന 7 പണിക്കാർ നിൽക്കാനോ ഇരിക്കാനോ കഴിയാതെ മഞ്ജുവിന് ഒപ്പം ആടിക്കളിക്കുന്നു. നിവൃത്തിയില്ല, മഞ്ജുവിൻ്റെ ഉടമസ്ഥനും രക്ഷപ്പെടാൻ ആവശ്യപ്പെടുന്നു. ഒടുവിൽ മഞ്ജു ഉപേക്ഷിച്ച് അവർ ജെട്ടിയിലേക്ക് രക്ഷപ്പെടുന്നു.

രക്ഷപ്പെട്ടെങ്കിലും അവർ ദുഃഖിതരായിരുന്നു, പ്രത്യേകിച്ച് , അതിൻറെ ടിണ്ടേൽ. മഞ്ജുവിന്റെ ടിണ്ടേലിനെ സംബന്ധിച്ചിടത്തോളം തൻ്റെ നിയന്ത്രണത്തിലുള്ള മഞ്ജുവിനെ ഉപേക്ഷിച്ച് രക്ഷപ്പെടുക എന്നത് മരിക്കുന്നതിനു തുല്യമാണ്. ടൈറ്റാനിക് കപ്പലിന്റെ ക്യാപ്റ്റനെ പോലെ മുങ്ങുന്ന കപ്പലിനൊപ്പം മുങ്ങിമരിക്കണം എന്നതായിരിക്കും അയാളുടെ മാനസികാവസ്ഥ . വളരെയധികം അനുഭവജ്ഞാനം ഉള്ള ആളാണ് തമിഴനായ ആ ടിണ്ടേൽ. അയാൾ പതിനേഴാം വയസു മുതൽ തുടങ്ങിയതാണ് മഞ്ജുവിലെ ജോലി. എങ്കിലും ഭയം അവരെ കീഴടക്കുകയും തളർത്തുകയും ചെയ്തിരിക്കുന്നു. നിസ്സഹായതയും കുറ്റബോധവും ഭയവും കലർന്ന സമ്മിശ്ര ഭാവം അവരുടെ മുഖത്ത് പ്രകടമായിരുന്നു.

ഈ സമയത്ത്, ഷാജഹാൻ പാളി അവിടേക്ക് കടന്നുവരുന്നു. കടൽ പരുവപ്പെടുത്തിയതാണ് അയാളുടെ ജീവിതം. അയാൾ ആ കാഴ്ച കാണുന്നു, കെട്ടിയിട്ട ആൾ ചാട്ടവാർ അടിയേറ്റു പുളയുന്നത് പോലെ ജട്ടിയിൽ കെട്ടിയിട്ട മഞ്ജു കാറ്റടിയേറ്റ് പുളയുന്നു. കേവലം രണ്ടുവർഷം മുമ്പ് കടമoകാരനായ ഉടമസ്ഥൻ ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ചതാണ് ഇത്. ഇപ്പോൾ ഇതാ ആ ലക്ഷങ്ങൾ വെള്ളത്തിൽ ആവാൻ പോകുന്നു. പല ബോട്ടുകൾ പണി കഴിപ്പിക്കുകയും നീറ്റിലിറക്കുകയും ചെയ്ത അയാളുടെ മനസിൽ ഈ കാഴ്ച വല്ലാത്തൊരു നീറ്റൽ ഉണ്ടാക്കുന്നു. ഇതേ ഉടമസ്ഥൻ്റെ വേറൊരു മഞ്ജു രണ്ടുവർഷം മുമ്പ് ചേത്തിലാത്തിന് അടുത്തുവെച്ച് തകർന്നിരുന്നു. അതിൻറെ സ്ഥാനത്ത് പണിയിച്ച പുതിയ മഞ്ജുവാണ് ഇത്. ഇപ്പോൾ ഇതിന്റെ ഗതിയും ഇതാ ഇങ്ങിനെ. ഇത് കൂടാതെ ഇദ്ദേഹത്തിൻ്റെ രണ്ട് ബോട്ടുകളും നേരത്തെ തകർന്നിട്ടുണ്ട്. ചരക്ക് നീക്കത്തിന് ഏറെ പ്രയാസപ്പെടുന്ന ലക്ഷദ്വീപ് കാർക്ക്, പ്രത്യേകിച്ച് പഴയ അമിനി ഗ്രൂപ്പുകാർക്ക്, അദ്ദേഹത്തിൻറെ മഞ്ജു വലിയൊരു ആശ്വാസമാണ്. പ്രതിസന്ധികളിൽ ഇതുവരെ അദ്ദേഹം തളർന്നിട്ടില്ല. പക്ഷേ ഇതും കൂടി താങ്ങാൻ അയാൾക്ക് ആകുമോ?. താനും ഒരു ബോട്ട് ഉടമയാണ്. ഒരു ബോട്ട് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളും അത് നോക്കി നടത്താനുള്ള ടെൻഷനും എത്രയാണെന്ന് താനും അനുഭവിച്ചതാണ്. മഞ്ചു തകരുകയാണെങ്കിൽ കച്ചവടക്കാരുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ചരക്കുകളും ജല്ലി , മണ്ണ് ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളും വെള്ളത്തിലാവും. നിരവധി പേരുടെ അധ്വാനത്തിൻ്റെ വിയർപ്പിനെ നിഷ്ഫലമാക്കി കളയും എന്ന മട്ടിൽ കാറ്റ് മഞ്ചുവിൽ കയറി സംഹാര താണ്ഡവമാടുകയാണ്.

അയാൾ പിന്നീട് അധികമൊന്നും ആലോചിച്ചില്ല. മുണ്ടും മടക്കിക്കുത്തി നേരെ ടിണ്ടേലിൻ്റെ അടുത്തേക്ക് നീങ്ങി. ‘’മഞ്ജുവിനെ ഇവിടുന്ന് രക്ഷപ്പെടുത്തി കടമയിലേക്ക് കൊണ്ടുപോയാലോ’’ ഷാജഹാന്റെ ദൃഢ നിശ്ചയത്തോടെയുള്ള അഭിപ്രായം കേട്ടപ്പോൾ ഭയത്തിൻ്റെയും നിസ്സഹായതയുടേയും ലജ്ജയുടേയും പുതപ്പിനുള്ളിലേക്ക് ഉൾവലിഞ്ഞ ടിണ്ടേലിൻ്റെ തല പതുക്കെ ഉയർന്നു. ഭയത്തോടെയാണെങ്കിലും അയാൾ പറഞ്ഞു ‘’ഷാജഹാൻ ഉണ്ടെങ്കിൽ ഞാൻ റെഡി’’ പക്ഷേ മറ്റ് അഞ്ചു പണിക്കാർക്ക് അപ്പോഴും ധൈര്യം വന്നില്ല. അതിശക്തമായ കാറ്റിൽ പൊങ്ങിവരുന്ന തിരമാലകളും ആടിയുലയുന്ന മഞ്ജുവും അവരെ അതിൽ കയറുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. അങ്ങനെ ഷാജഹാൻ നൽകിയ ധൈര്യത്തിന്റെ പിൻബലത്തിൽ ടിണ്ടേലും ക്രൂ മാരിൽ ഒരാളും ഷാജഹാനും ക്രെയിൻ ഉപയോഗിച്ച് മഞ്ജുവിൽ കയറുന്നു.

സ്റ്റിയറിങ്ങിന്റെ റോപ്പുകൾ ഒക്കെ പൊട്ടിയിരിക്കുകയാണ്. വേറെയും ചില പണികൾ ഉണ്ട് ഒരു മണിക്കൂറോളം നീണ്ടു അറ്റകുറ്റപ്പണികൾ. കാലും കയ്യും ഉറക്കാതെ വളരെയധികം പണിപ്പെട്ട് അറ്റകുറ്റപ്പണികൾ ഒരുവിധം അവർ തീർത്തു.

ജട്ടിയിൽ കൂടി നിന്ന ഷാജഹാന്റെ അഭ്യുദയകാംക്ഷികളിൽ ചിലർ അടക്കം പറഞ്ഞു. ‘’ ഇത്രയ്ക്കും മോശം കാലാവസ്ഥയിൽ ജീവൻ പണയം വെച്ച് ഇത്തരം ഒരു മണ്ടത്തരം വേറെ ആരെങ്കിലും കാണിക്കുമോ’’ അതെ ഒരു സാധാരണ മനുഷ്യൻ അങ്ങനെയൊക്കെയെ ചിന്തിക്കൂ, കാരണം, ഷാജഹാന്റെ ബന്ധുവോ നാട്ടുകാരനോ ഒന്നുമല്ല ഈ മഞ്ജുവിന്റെ ഉടമസ്ഥൻ. അയാളുടെ ചരക്കുകളും മഞ്ജുവിലില്ല. കൂടാതെ അയാൾ നാലോ അഞ്ചോ പറക്ക മുറ്റാത്ത കുട്ടികളുള്ള ഒരു കുടുംബത്തിൻറെ നാഥനുമാണ്. യുവാവായ അയാൾക്ക് മുമ്പിൽ ജീവിതം ഇനിയും ഒരു പാട് ബാക്കിയുണ്ട്. ഇതൊന്നും ഷാജഹാൻ എന്ന കടൽ പോരാളിയെ പിന്തിരിപ്പിച്ചില്ല . അന്യന്റെ ദുഃഖം അയാൾക്ക് തൻറെ ദുഃഖമായി. അന്യന്റെ മഞ്ജു തകരുന്നത് അയാൾക്ക് തൻ്റെ ബോട്ട് തകരുന്നത് പോലെ തോന്നി. എപ്പോഴും നിഷ്കളങ്കമായി ചിരിക്കുന്ന അയാൾ ഭയത്തോടെ ജെട്ടിയിൽ കൂടി നിന്നവർക്ക് നേരെ ഒരു പുഞ്ചിരി നൽകി ഇതൊക്കെ എന്ത് എന്ന മട്ടിൽ കടമത്തിലേക്ക് യാത്രയായി.

ആവശ്യത്തിന് ഇന്ധനം ഉണ്ടെങ്കിലും ഷാജഹാൻ എന്ന ഇന്ധനത്തിന്റെ കരുത്തിലാണ് യഥാർത്ഥത്തിൽ നൂർ അൽ ഖാദിരിയ്യ എന്ന മഞ്ജു കടമത്തിലെ സുരക്ഷിത കേന്ദ്രത്തിൽ തിരിച്ചെത്തിയത്.

സ്വന്തം ജീവൻ പണയം വെച്ച് മരണ മുഖത്തേക്ക് എടുത്തുചാടി താനുമായി ഒരു ബന്ധവുമില്ലാത്ത ഒരു ജല വാഹനത്തെ സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ച ഷാജഹാനെ പോലുള്ളവർക്ക് കൊടുക്കാതെ വേറെ ആർക്ക് കൊടുക്കണം ധീരതയ്ക്കുള്ള അവാർഡ് ?.

നിസ്വാർത്ഥനായ ഈ കടലിൻ്റെ പോരാളിക്ക് സമർപ്പിക്കുന്നു അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ.