കവരത്തി: കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ലക്ഷദ്വീപിലെ ഹൈസ്പീഡ് വെസലുകളുടെ സർവീസ് പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ കാരണം 24ന് അവസാനമായി സർവീസ് നടത്തിയ ശേഷം ഇന്നുവരെ യാത്രകൾ പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഇതോടുകൂടി ദ്വീപുകൾ തമ്മിലുള്ള യാത്രാ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ കവരത്തിയിൽ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുകയാണ്.
ചികിത്സ ആവശ്യങ്ങൾക്കായി എത്തിയവർ, പരീക്ഷകൾക്കായി വന്ന ഉദ്യോഗാർത്ഥികൾ, വിദ്യാർത്ഥികൾ, സന്ദർശനത്തിന് എത്തിയ ടൂറിസ്റ്റുകാർ തുടങ്ങി നിരവധി പേരാണ് കവരത്തിയിൽ നിന്ന് തിരികെ പോകാനാവാതെ വിഷമിക്കുന്നത്. പരീക്ഷകൾ കഴിഞ്ഞ് നാട്ടിലേക്ക് പോയ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ ജോലിസ്ഥലങ്ങളിൽ തിരിച്ചെത്താനാകാതെ ബുദ്ധിമുട്ടുന്നുമ്മുണ്ട്.
ദ്വീപുകളിൽ നിന്നും കവരത്തി വഴി മാത്രമേ മറ്റു ദ്വീപുകളിലേക്ക് പ്രധാന ഗതാഗത സൗകര്യം ലഭ്യമാകുന്നുള്ളൂ എന്നതിനാൽ യാത്രക്കാരുടെ ദുരിതം കൂടുതലായി. യാത്രക്കാർ അടിയന്തിരമായി വിവിധ ദ്വീപുകളുമായി കവരത്തിയെ ബന്ധിപ്പിക്കുന്ന തരത്തിൽ കപ്പൽ പ്രോഗ്രാം ഒരുക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതരോട് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. വെസൽ സർവീസ് വീണ്ടും ആരംഭിക്കാതിരുന്നാൽ ആരോഗ്യ ചികിത്സ, വിദ്യാഭ്യാസം, ജോലിസ്ഥലങ്ങളിൽ ഹാജരാകൽ തുടങ്ങിയ മേഖലകളിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പും യാത്രക്കാർ ഉയർത്തുന്നുണ്ട്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് വെസലുകളുടെ സർവീസ് സ്തംഭിച്ചു; നൂറുകണക്കിനാളുകൾ കവരത്തിയിൽ കുടുങ്ങി
