കൊച്ചി: കൽപ്പേനി ദ്വീപിലെ കിഴക്കൻ ഭാഗത്തുള്ള ജെട്ടി നിർമാണം പൂർത്തിയാകാൻ കുറഞ്ഞത് നാല് വർഷം എടുക്കുമെന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിനെ തുടർന്ന്, ഇടക്കാല സുരക്ഷാ നടപടികൾ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് സിയാദ് റഹ്മാൻ എ.എ. അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഡോ. മുഹമ്മദ് സാദിഖ് നൽകിയ ഹർജി പരിഗണിച്ചത്.
മഴക്കാലത്ത് കിഴക്കൻ ജെട്ടിയിൽ നിന്ന് യാത്രക്കാരെ കയറ്റിറക്കുന്നത് അപകടകരമാണെന്ന കാര്യത്തിൽ തർക്കമില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ താത്കാലിക നടപടികൾ സ്വീകരിക്കണമെന്നും, ഇതിനായി വിദഗ്ധരുടെ സേവനം തേടണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
വിദഗ്ധരുടെ സേവനം സ്വീകരിക്കുന്ന കാര്യത്തിൽ ലക്ഷദ്വീപ് ഭരണകൂടം നടപടി സ്വീകരിക്കണമെന്നും, ആവശ്യമായാൽ കൊച്ചി പോർട്ട് ട്രസ്റ്റിന്റെ സഹായം തേടണമെന്നും കോടതി നിർദ്ദേശിച്ചു.
ഈ കേസ് വീണ്ടും ഓഗസ്റ്റ് 27-ന് പരിഗണിക്കും.
