കഴിഞ്ഞ 11 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് കൈവരിച്ച പരിവർത്തനാത്മക വികസന മുന്നേറ്റങ്ങളെക്കുറിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ കവരത്തി ദ്വീപിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
മോദി ഗവൺമെന്റിന്റെ ഭരണകാലം ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെടുമെന്നും വികസിതവും സ്വയംപര്യാപ്തവുമായ ഇന്ത്യയിലേക്കുള്ള യാത്രയെ “സങ്കൽപ് സേ സിദ്ധി” യുടെ സുവർണ്ണ കാലഘട്ടമായി അടയാളപ്പെടുത്തുമെന്നും കുര്യൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയത്തോടെയുള്ള വീക്ഷണത്താൽ നയിക്കപ്പെടുന്ന 140 കോടി പൗരന്മാരുടെ കൂട്ടായ പരിശ്രമങ്ങൾ, സ്വപ്നങ്ങൾ, സമർപ്പണം എന്നിവയിലൂടെയാണ് പരിവർത്തനത്തിന്റെ ഈ യാത്ര സാധ്യമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മത്സ്യബന്ധനം: ലക്ഷദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്
ലക്ഷദ്വീപിന്റെ സുപ്രധാന സാമ്പത്തിക മേഖലയും ജീവനാഡിയുമായി മത്സ്യബന്ധനത്തെ പരാമർശിച്ചുകൊണ്ട് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന് പ്രതിവർഷം ഒരു ലക്ഷം മെട്രിക് ടൺ മത്സ്യബന്ധന ശേഷിയുണ്ടെന്ന് ശ്രീ കുര്യൻ പറഞ്ഞു. കൂടാതെ, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനായി പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ് വൈ) പ്രകാരം 14.06 കോടി രൂപയ്ക്ക് കേന്ദ്രം അംഗീകാരം നൽകി. ലക്ഷദ്വീപിനെ ഒരു കടൽപ്പായൽ ക്ലസ്റ്ററായും നിശ്ചയിച്ചിട്ടുണ്ട്
വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും: സാമൂഹിക ക്ഷേമത്തിന്റെ അടിത്തറ
ലക്ഷദ്വീപിലെ 91.65% എന്ന സാക്ഷരതാ നിരക്കിലും സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോകൽ നിരക്ക് പൂജ്യം എന്നതിലും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു . പിഎം ശ്രീ പദ്ധതി പ്രകാരം അതിവേഗ ഇന്റർനെറ്റ്, കമ്പ്യൂട്ടർ ലാബുകൾ, പഠനാനുഭവങ്ങൾ മെച്ചപ്പെടുത്തുന്ന ഡിജിറ്റൽ ലൈബ്രറികൾ എന്നിവ ലഭ്യമാകുന്ന വിധത്തിൽ
പതിനൊന്ന് സ്കൂളുകൾ തിരഞ്ഞെടുത്തിട്ടുണ്ട്
ആരോഗ്യ മേഖലയിൽ:
- 231.96 കോടിരൂപ ചെലവിൽ മിനിക്കോയ്, ആന്ത്രോത്ത്, കദ്മത്ത് എന്നിവിടങ്ങളിൽ 30 കിടക്കകളുള്ള മൂന്ന് ആശുപത്രികൾ നിർമ്മിക്കുന്നു.
- 127 കോടിരൂപ ചെലവിൽ ഒരു നഴ്സിംഗ്, പാരാമെഡിക്കൽ കോളേജ് പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി.
ആധുനിക അടിസ്ഥാന സൗകര്യങ്ങൾ: തുറമുഖങ്ങൾ, ജെട്ടികൾ, റോഡുകൾ
കേന്ദ്രതുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം (MoPSW) പ്രധാന അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണം ഏറ്റെടുത്തു:
* കദ്മത്ത്, കൽപേനി എന്നിവിടങ്ങളിലെ കിഴക്കൻ, പടിഞ്ഞാറൻ ജെട്ടികളുടെയും ആന്ത്രോത്തിൽ 1,664.88 കോടിരൂപയുടെ പുതിയ തുറമുഖ സൗകര്യങ്ങളുടെയും വികസനം
• അഗത്തി, കദ്മത്ത്, കൽപേനി, കവരത്തി, മിനിക്കോയ് എന്നിവിടങ്ങളിലെ റോഡുകളും സംരക്ഷണ ഭിത്തികളും ഉൾപ്പെടെ തീര മേഖലയുടെ വികസനത്തിനുള്ള 2,128.86 കോടി രൂപയുടെ നിർദ്ദേശങ്ങൾ പരിശോധന ഘട്ടത്തിലാണ്.
പാരിസ്ഥിതിക വിനോദസഞ്ചാരവും ഹരിത ഊർജ്ജവും
മിനിക്കോയ്, കദ്മത്ത്, സുഹേലി എന്നിവിടങ്ങളിൽ മൂന്ന് വാട്ടർ വില്ല പ്രോജക്ടുകൾ വികസിപ്പിച്ചുകൊണ്ട് പാരിസ്ഥിതിക വിനോദസഞ്ചാര പദ്ധതികൾക്ക് ഉത്തേജനം നൽകുന്നു. നിതി ആയോഗുമായി കൂടിയാലോചിച്ച് 810 കോടിരൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതി. മുംബൈ, കൊച്ചി, അഗത്തി, തിന്നകര എന്നിവയെ ബന്ധിപ്പിക്കുന്ന പ്രതിവാര ക്രൂയിസ് ലൈനർ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു
ഡീസലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി, ലക്ഷദ്വീപ് പുനരുപയോഗ ഊർജ്ജത്തിലേക്ക് പരിവർത്തനം നടത്തുന്നു:
* സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (SECI) ധാരണാപത്രം ഒപ്പുവച്ചു.
•450-ലധികം വീടുകളിൽ പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിച്ചു.
* അഗത്തി (0.3 മെഗാവാട്ട്)യിലും കവരത്തി(1.4 മെഗാവാട്ട്) യിലും സൗരോർജ പ്ലാന്റുകൾ കമ്മീഷൻ ചെയ്തു.
ജല സുരക്ഷയും അടിസ്ഥാനസൗകര്യങ്ങളും
കുടിവെള്ള ലഭ്യത ഉറപ്പാക്കൽ:
* ആറ് ദ്വീപുകളിൽ പ്രതിദിനം 1.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഡീസലൈനേഷൻ പ്ലാന്റുകൾ സ്ഥാപിച്ചു.
•ജൽ ജീവൻ മിഷന്റെ കീഴിൽ, എല്ലാ ദ്വീപുകളിലും വീടുകളിൽ പ്രവർത്തനക്ഷമമായ പൈപ്പ് ജല കണക്ഷനുകൾ (FHTC-കൾ) നൽകുന്നതിന് 268.81 കോടിരൂപ അനുവദിച്ചു.
* എല്ലാ വീടുകളിലും ഇപ്പോൾ ടാപ്പ് ജല കണക്ഷനുകൾ ഉണ്ട്.
