കവരത്തി: ലക്ഷദ്വീപിലെ ജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് എൻസിപി (ശരദ് പവാർ) നേതാക്കൾ ദേശീയ പട്ടികവർഗ കമ്മീഷൻ അംഗം ശ്രീ ജതോതു ഹുസൈൻ നായക്കുമായി കൂടിക്കാഴ്ച നടത്തി.
കവരത്തിയിൽ നടന്ന കൂടിക്കാഴ്ചയിൽ ദ്വീപ് നിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ, ഗോത്ര സ്വത്വം, ഭൂസംരക്ഷണം, പരിസ്ഥിതി സുസ്ഥിരത, ജനങ്ങളുടെ സമഗ്ര ക്ഷേമം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ സംഘം ചർച്ച ചെയ്തു. അഡ്വക്കേറ്റ് സലീം, ടീ ചെറിയ കോയ, പി മുഹ്സിൻ, മുഹമ്മദ് ഇക്ബാൽ തുടങ്ങിയ നേതാക്കൾ ആണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
ഈ വിഷയങ്ങളിൽ ദേശീയ പട്ടികവർഗ കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിനിധി സംഘം നിവേദനവും സമർപ്പിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനും വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കമ്മീഷൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
