വകുപ്പുകൾ ഒന്നിക്കുന്നു; ജീവനക്കാരിൽ ആശങ്ക ശക്തം

അമിനി/കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭരണപരിഷ്കാര നടപടികളുടെ ഭാഗമായി അമിനി ഉൾപ്പെടെയുള്ള ദ്വീപുകളിൽ ജീവനക്കാരുടെ ജോലികൾ പുനർവിതരണം ചെയ്തുകൊണ്ടുള്ള ഉത്തരവുകൾ പുറത്തിറങ്ങിയതോടെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത ആശങ്കയും പ്രതിഷേധവും ഉയരുന്നു. ഭരണ പരിഷ്കരണവും ജോലികളുടെ കേന്ദ്രീകരണവും ലക്ഷ്യമിട്ട് 2026 നവംബർ 17-നാണ് അമിനി ദ്വീപ് ഡെപ്യൂട്ടി കളക്ടർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, നിരവധി വകുപ്പുകളുടെ ചുമതലകൾ ഒരൊറ്റ ഓഫീസിന് കീഴിലേക്കും ചുരുക്കം ചില ഉദ്യോഗസ്ഥരിലേക്കും കേന്ദ്രീകരിക്കുന്നത് ജീവനക്കാർക്ക് താങ്ങാനാവാത്ത ജോലിഭാരം സൃഷ്ടിക്കുന്നതിനൊപ്പം ദ്വീപുകളിലെ റെഗുലർ തസ്തികകൾ ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ നീക്കമാണെന്നും വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം ആശുപത്രി, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, വനം, തുറമുഖം, വിദ്യാഭ്യാസം, സയൻസ് ആൻഡ് ടെക്നോളജി തുടങ്ങി ഒട്ടുമിക്ക പ്രധാന വകുപ്പുകളുടെയും ഫയലുകളും ഭരണപരമായ മേൽനോട്ടവും ഡെപ്യൂട്ടി കളക്ടർ ഓഫീസിലെ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഡി.സി ഓഫീസ് സൂപ്രണ്ടിന് സ്വന്തം ഓഫീസിലെ ജീവനക്കാരുടെ നിയന്ത്രണത്തിന് പുറമെ ആശുപത്രി, കൃഷി, ഫിഷറീസ്, വനം, തുറമുഖം, സ്കൂൾ തുടങ്ങി പന്ത്രണ്ടോളം വിഭാഗങ്ങളുടെ മേൽനോട്ട ചുമതലയാണ് നൽകിയിരിക്കുന്നത്. അതുപോലെ ഒരു യു.ഡി.സി (UDC) തസ്തികയിലുള്ള ഉദ്യോഗസ്ഥയ്ക്ക് സ്കൂൾ, ഫിഷറീസ്, വനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ കത്തിടപാടുകൾക്ക് പുറമെ നേറ്റിവിറ്റി, വരുമാനം, ജാതി, കൈവശാവകാശം തുടങ്ങി ഒമ്പതോളം പ്രധാന സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്റെ ചുമതലയും ഒറ്റയ്ക്ക് വഹിക്കേണ്ട സാഹചര്യമാണുള്ളത്. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് (VEO) പൊതു-പഞ്ചായത്ത് തിരഞ്ഞെടുപ്പ് ജോലികൾക്ക് പുറമെ വാഹന രജിസ്ട്രേഷൻ, എൻട്രി പെർമിറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, ട്രേഡ് ലൈസൻസ്, സെൻസസ്, ദുരന്തനിവാരണം, വി.ഐ.പി സന്ദർശനങ്ങൾ, ദേശീയ ദിനാഘോഷങ്ങൾ തുടങ്ങി പതിനഞ്ചിലധികം വ്യത്യസ്ത ചുമതലകളാണ് നൽകിയിരിക്കുന്നത്.


ഇതിന് പുറമെ, ഡി.സി ഓഫീസിന് കീഴിലുള്ള എല്ലാ വകുപ്പുകളിലെയും തൊഴിലാളികളുടെ വേതനം, ബില്ലുകൾ, സ്റ്റേഷനറി, സ്റ്റാമ്പ് വിൽപ്പന എന്നിവയുടെ ചുമതല ഒരു എൽ.ഡി.സി (LDC) ഉദ്യോഗസ്ഥനിലും, ആശുപത്രി, ഹജ്ജ്, കമ്പ്യൂട്ടർ വാങ്ങൽ, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ചുമതല മറ്റൊരു എൽ.ഡി.സിയിലുമാണ് നിക്ഷിപ്തമായിരിക്കുന്നത്. ആശുപത്രി, എൽ.പി.ഡബ്ല്യു.ഡി (LPWD), വൈദ്യുതി, സ്കൂൾ എന്നീ വകുപ്പുകളുടെ തലവന്മാർക്ക് ‘ഹെഡ് ഓഫ് ഓഫീസ്’ അധികാരം നൽകിയിട്ടുണ്ടെങ്കിലും, ഈ വകുപ്പുകളിലെ എസ്റ്റാബ്ലിഷ്മെന്റ്, അക്കൗണ്ട്സ് ഫയലുകൾ ഡി.സി ഓഫീസിലെ സൂപ്രണ്ട് വഴി വേണം സമർപ്പിക്കാനെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


അമിനി ദ്വീപിന് സമാനമായി ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളിലും സമാനമായ രീതിയിലുള്ള ഭരണപരിഷ്കാരങ്ങൾ അഡ്മിനിസ്ട്രേഷൻ നടപ്പിലാക്കി വരികയാണ്. കുറഞ്ഞ ജീവനക്കാരെ മാത്രം വെച്ച് ഒട്ടനവധി വകുപ്പുകളുടെ ചുമതലകൾ ഒറ്റ കേന്ദ്രത്തിലേക്ക് മാറ്റുന്നത് വഴി ഭാവിയിൽ ദ്വീപുകളിലെ സ്ഥിരം തസ്തികകൾ ഇല്ലാതാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഭരണനിർവ്വഹണത്തിൽ കാര്യക്ഷമത കൊണ്ടുവരുന്നു എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പരിഷ്കാരങ്ങൾ ജീവനക്കാരിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കാനും സാധാരണക്കാരായ ദ്വീപ് നിവാസികൾക്ക് ലഭിക്കേണ്ട സർക്കാർ സേവനങ്ങൾ വൈകാനും ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *