കിൽത്താൻ: കേന്ദ്ര യുവജനകാര്യ–കായിക മന്ത്രാലയം ദേശീയ ലഹരിവിരുദ്ധ ക്യാമ്പയിനെക്കുറിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കിൽത്താൻ ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് 10-ന്റെ രണ്ട് ചിത്രങ്ങൾ ഇടം നേടി. ലഹരിവിരുദ്ധ ബോധവത്കരണത്തിൽ വിദ്യാർഥി സന്നദ്ധപ്രവർത്തകർ നടത്തുന്ന ഇടപെടലുകൾക്ക് ദേശീയതലത്തിൽ ശ്രദ്ധ ലഭിച്ചത് സ്കൂളിനും കിൽത്താൻ ദ്വീപിനും അഭിമാനമായി.
‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ’ ക്യാമ്പയിന്റെ ഒമ്പതാം വാരത്തിൽ രാജ്യത്തുടനീളം സംഘടിപ്പിച്ച ബ്ലോക്കുതല കായികമേളകളെക്കുറിച്ചാണ് നവംബർ 14-ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. എൻഎസ്എസ് തിരുവനന്തപുരം മേഖലാ ഡയറക്ടറേറ്റിന് കീഴിൽ ലക്ഷദ്വീപിൽ പരമ്പരാഗത ദ്വീപ് കളികൾ സംഘടിപ്പിച്ചതായി കുറിപ്പിൽ പ്രത്യേകം പരാമർശിച്ചു.
കായിക മത്സരങ്ങളിലൂടെ കൂട്ടായ്മയും ലഹരിമുക്ത ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. രാജ്യത്താകെ 130-ലധികം സ്ഥാപനങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം 992 പ്രവർത്തനങ്ങളിലായി 87,481 പേർ പങ്കെടുത്തു. വിദ്യാർഥി സന്നദ്ധപ്രവർത്തകർ, പ്രാദേശിക യുവജന ക്ലബ് അംഗങ്ങൾ, നാട്ടുകാർ എന്നിവരാണ് പരിപാടികളുടെ ഭാഗമായത്. മത്സരങ്ങൾക്ക് മുന്നോടിയായി ലഹരിമുക്ത ജീവിതത്തിനായുള്ള കൂട്ടായ പ്രതിജ്ഞയും ചൊല്ലി.
