ബേപ്പൂർ: ബേപ്പൂർ തുറമുഖത്തെത്തിയ സ്വകാര്യ കമ്പനിയുടെ അതിവേഗ കപ്പൽ ലക്ഷദ്വീപിലേക്കുള്ള യാത്രാ സർവീസിനാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെ, സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നു. ആവശ്യമായ അനുമതികളും നിയമനടപടികളും പൂർത്തിയാക്കാതെ കപ്പൽ സർവീസ് ഉടൻ ആരംഭിക്കാനാകില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വ്യാഴാഴ്ച രാവിലെയാണ് ”തേജ” എന്ന അതിവേഗ കപ്പൽ ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ടത്. സ്വകാര്യ സംരംഭകരുടെ നേതൃത്വത്തിൽ ലക്ഷദ്വീപിലേക്ക് യാത്രാ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കപ്പൽ എത്തിയതെന്ന തരത്തിൽ പ്രചാരണമുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കപ്പൽ തുറമുഖത്ത് പ്രവേശിക്കാൻ അനുമതി തേടിയത് അറ്റകുറ്റപ്പണികൾക്കായാണെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് വിവരമില്ലെന്നുമാണ് ബേപ്പൂർ പോർട്ട് ഓഫീസറുടെ വിശദീകരണം.
ബേപ്പൂർ–ലക്ഷദ്വീപ് കപ്പൽ സർവീസുമായി ബന്ധപ്പെട്ട് സ്വകാര്യ സംരംഭകരുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളിൽ വ്യക്തത വന്നിട്ടില്ല.
വിദേശത്തുനിന്നെത്തിച്ച പഴയ കപ്പൽ യാത്രാ സർവീസിന് ഉപയോഗിക്കുന്നതിന് മുമ്പ് വിശദമായ പരിശോധനകളും സർവേ നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. കപ്പലിന്റെ സുരക്ഷയും യാത്രായോഗ്യതയും ഉറപ്പാക്കുന്നതിനൊപ്പം ബന്ധപ്പെട്ട അധികൃതരിൽനിന്ന് ആവശ്യമായ അനുമതികളും നേടിയെടുക്കണം. വിദേശ കപ്പലായതിനാൽ പ്രത്യേക നിയമപരമായ അനുമതികളും ആവശ്യമായി വന്നേക്കാം.
ഇത്തരം നടപടികളെല്ലാം പൂർത്തിയാക്കുന്നതിന് സമയമെടുക്കുമെന്നിരിക്കെ ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള സ്വകാര്യ യാത്രാ കപ്പൽ സർവീസ് ഉടൻ ആരംഭിക്കുമെന്ന പ്രചാരണത്തിൽ വ്യക്തതയില്ലെന്നാണ് വിലയിരുത്തൽ.
ലക്ഷദ്വീപിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ കപ്പൽ സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴും ഔദ്യോഗിക അനുമതികളും സർവീസ് സംബന്ധിച്ച വ്യക്തമായ പ്രഖ്യാപനവും ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ടിവരും.

ലക്ഷദ്വീപിലേ അഡ്മിനിസ്ട്രേഷൻ്റെ അനാസ്ഥയാണ് ഇത്. ഇത് തീർത്തും ജനദ്രോഹ നടപടിയാണ്