കിൽത്താൻ: ‘100 പ്രകാശവർഷങ്ങൾ’ എന്ന ശീർഷകത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനത്തിൻ്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിവരുന്ന തസ്കിയ സമ്മേളനം കിൽത്താൻ മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ലക്ഷദ്വീപ് ജില്ലാ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റും മോട്ടിവേഷണൽ സ്പീക്കറുമായ കെ.സി. അബ്ദുൽ ഖാദിർ സഖാഫി അഗത്തി പ്രമേയ പ്രഭാഷണം നടത്തി.
മതേതര രാജ്യത്ത് അതിൻ്റെ അച്ചടക്കത്തോടെ പ്രവർത്തിക്കാനും വിദ്യാഭ്യാസ വിപ്ലവങ്ങൾ തീർക്കാനും സമസ്തയെപ്പോലെ മറ്റൊരു സംഘടനയ്ക്കും സാധിച്ചിട്ടില്ലെന്നും, സ്ഫടികസമാനമായ മനസ്സോടെയുള്ള നേതാക്കളുടെ സമർപ്പിത പ്രവർത്തനം കൊണ്ടാണ് ഈ വിജയങ്ങളെല്ലാം സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. ഹൃദയശുദ്ധി കൊണ്ടുമാത്രമേ ഏത് പ്രതികൂല സാഹചര്യത്തെയും മറികടക്കാനും മനഃശാന്തി ലഭിക്കാനും സാധിക്കുകയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിൽത്താൻ മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷൻ ഹിദായത്തുള്ള കാമിലി അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഫതഹുള്ള പുറത്തുപുര ആശംസാ പ്രഭാഷണം നടത്തി. കിൽത്താൻ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഹമീദലി സഅദി സ്വാഗതവും എസ്.എസ്.എഫ് (SSF) സോൺ സെക്രട്ടറി മുഈനുദ്ദീൻ ഹുമൈദി നന്ദിയും പറഞ്ഞു. മർഹൂം സയ്യിദ് അലി ബാഫഖി തങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയ്ക്കും, അടിച്ചേൽപ്പിക്കുന്ന ഭരണകൂട തിട്ടൂരങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രാർത്ഥനയ്ക്കും അസ്ഗറലി ബാഖവി നേതൃത്വം നൽകി.
ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം വാദീ ഹറമൈനിലാണ് സമസ്ത നൂറാം വാർഷിക സമ്മേളനം നടക്കുന്നത്.
