വ്യാജ എസ്.ടി സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ തേടി ലക്ഷദ്വീപ് ഭരണകൂടം



കവരത്തി: ലക്ഷദ്വീപിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കണ്ടെത്തുകയും റദ്ദാക്കുകയും ചെയ്ത വ്യാജ/ബോഗസ് പട്ടികവർഗ (ST) സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ലക്ഷദ്വീപ് ഭരണകൂടം നടപടി തുടങ്ങി. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇതുസംബന്ധിച്ച് ലക്ഷദ്വീപ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജഗദീഷ് ശർമ്മ (DANICS) സെപ്റ്റംബർ 28ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിലാണ് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ ദ്വീപുകളിലെയും ഡെപ്യൂട്ടി കളക്ടർമാരും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാരും തങ്ങളുടെ അധികാരപരിധിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കണ്ടെത്തുകയും റദ്ദാക്കുകയും ചെയ്ത ബോഗസ്/വ്യാജ ST സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്നാണ് നിർദേശം.

ST സർട്ടിഫിക്കറ്റുകളുടെ നൽകൽ, പരിശോധന, റദ്ദാക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമേ വിവരങ്ങൾ തയ്യാറാക്കാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, അതും പ്രത്യേകമായി ‘NIL’ ആയി രേഖപ്പെടുത്തി സമർപ്പിക്കണം.

വിവരങ്ങൾ പൂർണവും കൃത്യവുമായിരിക്കണമെന്നും ബന്ധപ്പെട്ട ഔദ്യോഗിക രേഖകളുമായി പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ സമർപ്പിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിലേക്ക് ഏകീകൃത വിവരങ്ങൾ സമയബന്ധിതമായി കൈമാറുന്നതിനായി സെപ്റ്റംബർ 29 വൈകിട്ട് 5 മണിക്ക് മുമ്പായി വിവരങ്ങൾ ജില്ലാ ഓഫീസിലേക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *