കിൽത്താൻ: ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയുടെ നേതൃത്വത്തിൽ ശൈഖ് അഹമ്മദ് നഖ്ശബന്ദിയുടെ ആണ്ടിനോടനുബന്ധിച്ച് അനുസ്മരണവും വിചാരവും സംഘടിപ്പിച്ചു. മത–സാഹിത്യ–സാംസ്കാരിക രംഗങ്ങൾക്ക് അദേഹം നൽകിയ സംഭാവനകളെ ഓർമപ്പെടുത്തുകയും പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ ജീവിതവും ചിന്തകളും പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. രാവിലെ 8 മണിക്ക് ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിൽ നടന്ന പരിപാടിയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങളും അനുസ്മരണങ്ങളും നടന്നു.
സുഹൈൽ ഉസ്താദ് ‘ചരിത്രം’ എന്ന വിഷയത്തിലും തഖിയുദ്ദീൻ അലി സി.എച്ച്. ‘പരമ്പര’ എന്ന വിഷയത്തിലും സംസാരിച്ചു. കെ. ബഹീർ ‘സ്വഭാവം’ എന്ന വിഷയവും ഹമീദലി സഅദി ‘കഥ’ എന്ന വിഷയവും അവതരിപ്പിച്ചു. ഇസ്മത്ത് ഹുസൈൻ എൻ. ‘സാഹിത്യം’ എന്ന വിഷയത്തിൽ സംസാരിച്ചു. പി.വി. സലിം നഖ്ശബന്ദിയെ കുറിച്ചുള്ള മനോഹരമായ ഒരു ഗാനം അവതരിപ്പിച്ചു. ശൈഖ് അഹമ്മദ് നഖ്ശബന്ദിയുടെ ജീവിതം, വ്യക്തിത്വം, പാരമ്പര്യം, സാഹിത്യ–സാംസ്കാരിക ഇടപെടലുകൾ എന്നിവയെ വിവിധ തലങ്ങളിൽ ചർച്ച ചെയ്ത പരിപാടി കിൽത്താനിലെ മത–സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ സംഗമമായി.
