കവരത്തിയിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി സംയുക്ത വേദി രൂപീകരിക്കാൻ തീരുമാനം

കവരത്തി: ലക്ഷദ്വീപിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും യുവജന-വിദ്യാർത്ഥി സംഘടനകളെയും സന്നദ്ധ സംഘടനകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ജോയിന്റ് ഫോറം രൂപീകരിക്കാൻ കവരത്തിയിൽ ചേർന്ന സർവകക്ഷി യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

കൊക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നേരത്തെ ഓൺലൈനായി ചേർന്ന സർവകക്ഷി യോഗത്തിൽ, എല്ലാ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് കവരത്തിയിൽ നേരിട്ടുള്ള യോഗം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് കവരത്തിയിൽ സർവകക്ഷി യോഗം ചേർന്നത്. പട്ടേൽ ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ഒരുമിച്ച് പ്രതിഷേധിക്കുന്നതിനും ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി രാഷ്ട്രീയ ഭിന്നതകൾക്കതീതമായി എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത വേദി രൂപീകരിക്കാൻ തീരുമാനിച്ചത്.

ലക്ഷദ്വീപ് ലോക്‌സഭാംഗവും ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി (LTCC) പ്രസിഡന്റുമായ ഹംദുള്ള സഈദ്, മുൻ ലക്ഷദ്വീപ് എംപി പി.പി. ഫൈസൽ, എൻ.സി.പി (എസ്.പി) പ്രസിഡന്റ് അഡ്വ. അറഫ എന്നിവർക്കൊപ്പം വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാനതല നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോ-ഓർഡിനേഷൻ കമ്മിറ്റിയും ജനറൽ കൗൺസിലും രൂപീകരിച്ചു. സംയുക്ത വേദിയുടെ ഭാവി പ്രവർത്തനങ്ങൾക്കും പ്രതിഷേധ പരിപാടികൾക്കും വരും ദിവസങ്ങളിൽ രൂപം നൽകി പ്രഖ്യാപിക്കുമെന്ന് യോഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *