കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്ന് പ്രഫുൽ പട്ടേലിനെ മാറ്റണമെന്നും പകരം മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ലക്ഷദ്വീപ് ഷെഡ്യൂൾഡ് ട്രൈബ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. നിലവിലെ അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ ജനവിരുദ്ധ നടപടികളെല്ലാം റദ്ദാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പഞ്ചായത്ത് റഗുലേഷൻ പുനഃസ്ഥാപിച്ച് അടിയന്തരമായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നും ലക്ഷദ്വീപിന് നിയമസഭയോടുകൂടിയ ജനാധിപത്യ ഭരണസംവിധാനം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അസോസിയേഷൻ പ്രസിഡന്റ് എ. മിൻസ്ബാഹ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രഫുൽ പട്ടേലിന്റെ ഭരണപരാജയം മറച്ചുവയ്ക്കാൻ ‘ബുൾഡോസർ രാജ്’ നടത്തുകയാണെന്നാണ് അസോസിയേഷൻ ഭാരവാഹികളുടെ ആരോപണം. ദ്വീപിന്റെ പരിസ്ഥിതി ദുർബലമായ ഭൂമിയിൽ വികസനത്തിന്റെ പേരിൽ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായും അവർ ആരോപിച്ചു.
പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി നിയമിതനായ 2020 മുതൽ 25 വർഷമായി പ്രവർത്തിച്ചുവന്ന പഞ്ചായത്ത് ജനാധിപത്യ സംവിധാനം റദ്ദാക്കിയെന്നും നിരവധി തൊഴിലാളികളെയും കരാർ ജീവനക്കാരെയും പിരിച്ചുവിട്ടെന്നും ഭാരവാഹികൾ ആരോപിച്ചു. 2300 തസ്തികകൾ ഒഴിഞ്ഞുകിടന്നിട്ടും യാതൊരു നിയമനവും നടക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വാർത്താസമ്മേളനത്തിൽ കെ.പി. തങ്ങൾകോയ, ടി. മുത്തുക്കോയ, എഫ്.ജി. അഹമ്മദ് എന്നിവരും പങ്കെടുത്തു.
കടപ്പാട്: സുപ്രഭാതം
