കവരത്തി: ലക്ഷദ്വീപിലെ സർക്കാർ ഓഫീസുകളിൽ എയർ കണ്ടീഷണറുകളുടെ (എസി) അമിതമായ ഉപയോഗം മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും വൈദ്യുതി പ്രതിസന്ധിയും പരിഹരിക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളുമായി ഭരണകൂടം. വൈദ്യുതി ഗ്രിഡിലെ അമിത ഭാരം കുറയ്ക്കുക, ഡീസൽ ഉപയോഗവും ഊർജ്ജ ഉത്പാദനച്ചെലവും വെട്ടിച്ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.
ഇതുസംബന്ധിച്ച് ലക്ഷദ്വീപ് വൈദ്യുതി വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പുതിയ സർക്കുലർ പുറപ്പെടുവിച്ചു.
പ്രധാന തീരുമാനങ്ങൾ:
* ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം എസി: ഡയറക്ടർമാർക്കും അതിനു മുകളിലുള്ളവർക്കും ഡെപ്യൂട്ടി കളക്ടർമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.എസ്.പി), ഗ്രൂപ്പ് ‘ബി’ ഗസറ്റഡ് ഓഫീസർമാർ എന്നിവരുടെ മുറികളിലൊഴികെ മറ്റുള്ളവരുടെ ക്യാബിനുകളിൽ സ്ഥാപിച്ചിട്ടുള്ള എസികൾ നീക്കം ചെയ്യും.
* ഒരു ആഴ്ചയ്ക്കുള്ളിൽ പട്ടിക നൽകണം: നിയന്ത്രണപരിധിയിൽ വരുന്ന ഓഫീസുകളിലെ എസികളുടെ വിവരങ്ങൾ ഒരു ആഴ്ചയ്ക്കുള്ളിൽ വൈദ്യുതി വകുപ്പിന് കൈമാറാൻ എല്ലാ വകുപ്പ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന് വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇവ അഴിച്ചുമാറ്റും.
* പുതിയ എസികൾ വാങ്ങാൻ അനുമതിയില്ല: മുൻകൂട്ടി അനുമതി ലഭിച്ച വിഭാഗങ്ങളിലൊഴികെ, സെക്രെട്ടറി (പവർ)-ന്റെ പ്രത്യേക അനുമതിയില്ലാതെ പുതിയ എസികൾ വാങ്ങാനോ സ്ഥാപിക്കാനോ പാടില്ല.
* പ്രവർത്തനക്ഷമമായവ പുനരുപയോഗിക്കും: നീക്കം ചെയ്യുന്ന എസികളിൽ ഉപയോഗയോഗ്യമായവ കൃത്യമായ കണക്കുകളോടെ മറ്റ് അത്യാവശ്യ ആവശ്യങ്ങളിലേക്ക് മാറ്റിസ്ഥാപിക്കും. അഴിച്ചുമാറ്റുന്ന ഉപകരണങ്ങളുടെ ശേഷി, ബ്രാൻഡ്, മാറ്റുന്ന സ്ഥലം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണം.
ഉത്തരവുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവികൾ നേരിട്ട് ഉറപ്പാക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ചൂടിൻ്റെ കാഠിന്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഓഫീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഇത് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. IAS,IPS, DANICS, DANIPS ഉദ്യോഗസ്ഥർക്കെല്ലാം എല്ലാ സൗകര്യങ്ങളും ലഭിക്കും മറ്റുള്ളവർക്കാണ് നിയന്ത്രണങ്ങൾ.
