അഗത്തിയിലെ താൽക്കാലിക വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുന്ന നടപടി നിർത്തിവെക്കണം: എൻ.വൈ.സി (NYC) സ്റ്റേറ്റ് കമ്മിറ്റി

അഗത്തി / കവരത്തി: അഗത്തി ദ്വീപിലെ താൽക്കാലിക വൈദ്യുതി കണക്ഷനുകൾ കൂട്ടത്തോടെ വിച്ഛേദിക്കുന്ന നടപടിക്കെതിരെ NYC ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നേരിൽ കണ്ട് പ്രതിഷേധവും ആശങ്കയും അറിയിച്ചു.

ദ്വീപിലെ സാധാരണക്കാരായ ജനങ്ങളെയും കച്ചവടക്കാരെയും നിർമ്മാണ തൊഴിലാളികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണിതെന്ന് പ്രതിനിധി സംഘം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ശ്രദ്ധയിൽപ്പെടുത്തി. മുൻകൂട്ടി കൃത്യമായ നോട്ടീസ് നൽകാതെയും ബദൽ മാർഗ്ഗങ്ങൾ ക്രമീകരിക്കാതെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ദ്വീപിലെ ദൈനംദിന ജീവിതത്തെയും തൊഴിൽ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്.

വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ന്യായമായ സാവകാശം നൽകി കണക്ഷനുകൾ ക്രമവൽക്കരിക്കാൻ (regularise) അവസരമൊരുക്കണമെന്നും എൻ.വൈ.സി നേതാക്കൾ ആവശ്യപ്പെട്ടു. ദ്വീപ് ജനതയുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്നും താൽക്കാലിക ആശ്വാസ നടപടികൾ പരിശോധിക്കാമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.

ജനവിരുദ്ധമായ ഇത്തരം നടപടികളുമായി അധികൃതർ മുന്നോട്ടുപോകുകയാണെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് എൻ.വൈ.സി നേതൃത്വം നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

എൻ.വൈ.സി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ്  FM അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ പ്രമുഖ നേതാക്കളും കവരത്തി യൂണിറ്റ് നേതാക്കൾ അടങ്ങുന്ന സംഘമാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായി ചർച്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *