ലക്ഷദ്വീപ്: ഭൂമി, തദ്ദേശീയരുടെ അവകാശങ്ങൾ, തദ്ദേശ തിരഞ്ഞെടുപ്പ്, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലക്ഷദ്വീപിലെ ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) സൗത്ത് ഇന്ത്യ ലീഡും നാഷണൽ മീഡിയ ലീഡുമായ വിജയ്.
ലക്ഷദ്വീപിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. പരിപാടിയിൽ സംസാരിക്കാൻ അവസരം നൽകിയ സംഘാടകർക്കും വോളന്റിയർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു. ലക്ഷദ്വീപിലെത്താനും ജനങ്ങളെ നേരിട്ട് കാണാനും ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ലക്ഷദ്വീപിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നുവെന്നും നിരവധി പേർ നേരിട്ട് ജന്തർ മന്തറിലെത്തി പിന്തുണ നൽകിയിരുന്നുവെന്നും വിജയ് പറഞ്ഞു. ഇതിനായി ലക്ഷദ്വീപിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്ഷദ്വീപ് ജനങ്ങൾ നേരിടുന്ന പ്രധാന വിഷയങ്ങളിൽ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തദ്ദേശീയരുടെ അവകാശങ്ങൾ, ദീർഘകാലമായി നടക്കാത്ത തദ്ദേശ തിരഞ്ഞെടുപ്പുകൾ, ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്നതായും വിജയ് ചൂണ്ടിക്കാട്ടി.
“നമുക്കെല്ലാവർക്കും ഒന്നിച്ചുനിൽക്കാം, പരസ്പരം പിന്തുണയ്ക്കാം. CJP എന്ന സംഘടനയെ ശക്തിപ്പെടുത്താം. നമുക്ക് അർഹതപ്പെട്ട എല്ലാ അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം,” എന്ന ആഹ്വാനത്തോടെയാണ് വീഡിയോ സന്ദേശം അവസാനിക്കുന്നത്.
