പാരമ്പര്യ അറിവിൻ്റെയും തൊഴിലിൻ്റെയും മഹത്വം ജീവിതത്തിൽ അടയാളപ്പെടുത്തി ആത്മാർഥതയും അർപ്പണബോധവും കൊണ്ട് കർമ്മ മണ്ഡലങ്ങളെ ധന്യമാക്കിയ മനുഷ്യസ്നേഹിയുടെ വിയോഗം ഈ നാടിന് വലിയൊരു വിടവ് തന്നെയാണ്.
റബീഉൽ ആഖിർ ഒട്ടേറെ മഹാന്മാരുടെ വിയോഗത്തിന് സാക്ഷിയായ മാസം പ്രിയപ്പെട്ട കുഞ്ഞി ഉവ്വായും അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി നാഥൻ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ.
പല വിധ ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് ക്ഷീണിതനായിരുന്നു എങ്കിലും തൻ്റെ കർമ്മ മണ്ഡലങ്ങളിൽ സജീവമായിരുന്നു ഈ വർഷത്തെ മീലാദിന് സ്വദേശമായ ബിത്രയിലായിരുന്നു അവിടെ കൈകാര്യം ചെയ്തിരുന്ന പല ചുമതലകളും പലരെയും ഏൽപ്പിക്കുകയായിരുന്നു. പ്രധാനമായും ബിത്ര ജുമാ മസ്ജിദിൻ്റെ മുത്തവല്ലി ആയിരുന്നു. സൗകര്യക്കുറവുണ്ടായിരുന്ന ജുമാ മസ്ജിദിന് ധർമിഷ്ഠരായ ജനങ്ങളുടെ പങ്കാളിത്തത്തോടെ ഏറെ സൗകര്യപ്രദവും മനോഹരവുമായ രീതിയിൽ പുനർ നിർമ്മാണം നാല് വർഷം മുമ്പ് പൂർത്തിയാക്കിയിരുന്നു.
ഈ വർഷത്തെ നബിദിനത്തിന് ശേഷം ബിത്രയിൽ നിന്നും മടങ്ങുന്നതിന് മുമ്പ് തന്നെ ശ്വാസ തടസ്സം കാരണം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ചെത്ത്ലത്തിൽ വന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു അതിനിടയിൽ വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും കവരത്തി വഴി കരയിലേക്ക് ഹെലികോപ്റ്റർ വഴി ഇവാക്ക്വേറ്റ് ചെയ്യപ്പെടുകയും കൊച്ചിയിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലും ആയിരുന്നു.
നാട്ടിൽ ആശുപത്രിയിൽ ആയിരുന്നപ്പോൾ രണ്ട് ദിവസം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു ശരീരത്തിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അദ്ദേഹത്തിൻ്റെ മനസ്സിനെ വേവലാതിപ്പെടുത്തിയി രുന്നില്ല ഏറെ സന്തോഷവാനായി സംസാരിച്ചിരുന്നു.
ഇത്ര പെട്ടെന്ന് നമ്മെ വിട്ട് പിരിഞ്ഞുപോകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അല്ലാഹുവിൻ്റെ വിധി അങ്ങനെ ആയിരുന്നു.
ഈ വിയോഗം ചെത്തലത്ത് ,ബിത്ര ദീപുകാർക്ക് നികത്താനാവാത്ത നഷ്ടമാണ് അറിവും കർമ്മവും ധർമ്മവും വിനയവും സമ്മേളിച്ച സൗമ്യനായ മനുഷ്യൻ
കര കൗശല മണ്ണിൻ്റെ കൈപ്പുണ്യം പൂർവ്വീകരിൽ നിന്നും പകർന്ന് കിട്ടിയ അനുഗ്രഹീത കരവിരുത് പരിജ്ഞാനി.
പൂർവ്വ പിതാക്കളിൽ നിന്നും കാരണവന്മാരിൽ നിന്നും ഉസ്താദുമാരിൽ നിന്നും റഹ്മാനി തുടങ്ങിയ വിഷയങ്ങളിൽ പാണ്ഡിത്യം നേടിയിരുന്നു വിവിധ മൗലൂദ് കളിലും, മാല പാട്ടുകളിലും പ്രാവിണ്യം നേടിയിരുന്നു.
ലക്ഷദ്വീപിലെ വിവിധങ്ങളായ മത്സ്യബന്ധന രീതികൾ, അതിൻ്റെ സഹായ ഉപയോഗത്തിനുള്ള ഓലവല, ശാള വല, കണ്ടാളി വല തുടങ്ങിയവ നിർമ്മാണത്തിലും നല്ല വൈദഗ്ധ്യം ഉണ്ടായിരുന്നു
കഴിഞ്ഞ വർഷങ്ങളിൽ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് ഫിഷിംഗ് വല കെട്ടുന്നത് സംബന്ധിച്ച് നടത്തിയ ട്രൈനിങ് പ്രോഗ്രാമിൽ മാസ്റ്റർ ട്രൈനറായി നിയോഗിച്ചത് അദ്ദേഹത്തെ ആയിരുന്നു.
ബിത്രയിലെ മീൻ പിടിത്ത മേഘലകൾ, ബിത്ര ചെറിയ പന്നിയേൻ , വലിയ പന്നിയേൻ എന്നീ പാറുകളുടെ മുക്കും മൂലയും അറിയാവുന്ന ആളായിരുന്നു.
രിഫായി റാത്തീബ് , മുഹിയുദ്ദീൻ റാത്തീബ് തുടങ്ങിയ കർമ്മങ്ങളിൽ ചെറുപ്പം മുതൽ സജീവമായിരുന്നു.
ചെത്ത്ലാത്തിലെ മുഹിയുദ്ദീൻ പള്ളിയിൽ നടന്ന് വരുന്ന രിഫായി റാത്തീബിൻ്റെ ഖലീഫയായിരുന്ന അഹ്മദ് അവാബിത്തോട വാർധക്യ സഹചമായ ബുദ്ധിമുട്ടുകൾ കാരണം കിടപ്പിലായതിനെ തുടർന്ന് പ്രസ്തുത റാത്തീബിൻ്റെ ചുമതല നിർവ്വഹിച്ചു വരുന്നത് ഇദ്ദേഹമായിരുന്നു. വളരെ അദബിലും ചിട്ടയിലും ചുമതലകൾ നിറവേറ്റി പുതു തലമുറക്ക് മാതൃക കാണിച്ചു കൊടുത്തു.
ജുമുഅ ദിവസങ്ങളിൽ ചെത്ത്ലാത്ത് ജുമാ മസ്ജിദിൽ മആശറ വിളിക്കാറുള്ളതും അദ്ദേഹമായിരുന്നു.
ജുമുഅത്ത് പള്ളിയിൽ സക്കാത്ത് വിതരണത്തിൻ്റെ മേൽനോട്ടം വഹിച്ചിരുന്നു ഏൽപ്പിച്ച ജോലികൾ വളരെ അർപ്പണ ബോധത്തോടെയും ആത്മാർത്ഥമായും ചെയ്ത് തീർക്കാനുള്ള ശുഷ്കാന്തി ഇങ്ങനെ ഒട്ടേറെ ഗുണങ്ങൾ സമ്മേളിച്ച വ്യക്തിത്വമായിരുന്നു കുഞ്ഞി ഉവ്വ.
റംസാൻ മാസം ആഗതമായാൽ എല്ലാ ജോലികളും മാറ്റിവെച്ച് ഇബാദത്തിൽ മുഴുകും പള്ളിയിൽ ഈത്തികാഫ് ഇരിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും പതിവായിരുന്നു.
ചെത്ത്ലാത് തെക്ക് കുളിക്കരയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ അഹ്മദ് ശഹീദ് വലിയുള്ളാഹിയെ കുറിച്ചുള്ള ചരിത്രങ്ങൾ പല വിധത്തിലും പറഞ്ഞു കേൾക്കുന്നുണ്ട് കൃത്യതയുള്ള അറിവ് തേടിയുള്ള യാത്രക്കൊടുവിൽ ചെന്നെത്തിയത് കുന്നി ഉവ്വായുടെ അടുത്താണ് .
നാല് മാസം മുമ്പ് നാട്ടിൽവെച്ച് ഒരു അസർ നമസ്കാരത്തിന് ശേഷം പഴയ ബദർപള്ളിയിൽ ഒരുമിച്ചെത്തി നമസ്കാര ശേഷം പുറത്തിറങ്ങിയപ്പോൾ എൻ്റെ ഉദ്ദേശം അറിയിച്ചു വളരെ സൗമ്യതയോടെ പുഞ്ചിരിച്ചുകൊണ്ട് വീട്ടിലേക്ക് നടക്കാൻ തുടങ്ങി വഴിമധ്യേ കല്ലില്ലം എത്തിയപ്പോൾ വരാന്തയിൽ ഞങൾ രണ്ടുപേരും ഇരുന്നു വളരെ ചെറുപ്പം മുതൽ പൂർവ്വീകരിൽ നിന്ന് കേട്ടതും ചരിത്ര ശേഷിപ്പുകളിൽ നിന്ന് മനസ്സിലാക്കിയതുമായ കാര്യങ്ങൾ വളരെ തെളിമയോടെ പറഞ്ഞു തന്നു.
മഹാനായ അഹ്മദ് ശഹീദിനെ കുറിച്ചുള്ള മാലപ്പാട്ട് (ബർസഖി മാല) ചാളകാട് ജായിക്കോയയിൽ നിന്നും ലഭിച്ച ഒരു പതിപ്പ് എൻ്റെ മൊബൈലിൽ ഉണ്ടായിരുന്നു ഇതിൻ്റെ ഉള്ളടക്കത്തെ കുറിച്ചും ചോദിച്ചിരുന്നു. വളരെ സന്തോഷത്തോടെ വിശദീകരിച്ചു തന്നു. എല്ലാ വർഷവും ഉറൂസിൻ്റെ ദിവസങ്ങളിൽ ഈ മാല കുളിക്കരയിൽ പാടാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മനസ്സിലെ പല സംശയങ്ങൾക്കും ഉത്തരം കണ്ടെത്തിയ ഒരു അഭിമുഖമായിരുന്നു. മറ്റ് പല ചരിത്രങ്ങളും അദ്ദേഹത്തിൽ നിന്നും അറിയണമെന്നുള്ള ആകാംഷയും പ്രതീക്ഷയും ഉണ്ടായിരുന്നു.
അറിവുള്ളവരും കഴിവുള്ളവരും പലരും സമൂഹത്തിലുണ്ട് പക്ഷേ സത്യസന്ധമായി പറഞ്ഞു തരാൻ കുഞ്ഞി ഉവ്വായേ പോലെ ചുരുക്കം ചിലർ മാത്രമായിരുന്നു നമുക്ക് മുന്നിൽ ഉണ്ടായിരുന്നത്.
അറിവും അനുഭവ സമ്പത്തും ഉള്ളവരുടെ വിയോഗം സമൂഹത്തിന് നഷ്ടം തന്നെയാണ്.
കരയിൽ നിന്നും കാർപെൻ്റർ ജോലിക്ക് എത്തിയ ഒരു സഹോദരനെ ഇസ്ലാമിൻ്റെ സുന്ദരമുഖം പരിചയപ്പെടുത്തിയതും മുസ്ലിമാകാൻ സഹായിച്ചതും കുഞ്ഞി ഉവ്വയുടെ ഇടപെടലുകളാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
മുനവ്വിറുൽ ഇസ്ലാം മദ്രസ്സയിലും ,നാട്ടിലെ പള്ളി ദർസിൽ സിറാജ്കോയാ മുസല്യാർ കിൽത്താൻ, അമിനിയിലെ പടിപ്പുര അമ്പുകോയ മുസ്ലിയാർ , മുഹിയുദ്ദീൻ മുസ്ലിയാർ എന്നി ഉസ്താദ് മാരുടെ അടുത്തും അറിവ് പഠിച്ചിട്ടുണ്ട്.
10.11.1952 ലാണ് ജനനം
ബിത്ര ദ്വീപിലെ പള്ളിപ്പുറമാണ് തറവാട്
ബംഗ്ലാപ്പുര എന്നും അറിയപ്പെടുന്നു.
*കുടുംബം*
ഉമ്മ: ശരീഫ് (ഇത്തി) ബംഗ്ലാപ്പുര
ബാപ്പ : കിടാവ് ചെറിയ ബിയ്യാ ഇത്തിയോട
സഹോദരൻ:
1.അബ്ദുൽ കാദർ (പള്ളിപ്പുറം ജായിക്കോയ)
സഹോദരിമാർ
1. ഫാത്തുമ്മ ബംഗ്ലാപ്പുര (ഖിലാഫത്തിൻ്റെ ഉമ്മ)
2. ഹല്ലുംബി ബംഗ്ലാപ്പുര (നിസാർ മൻസിൽ )
3. സാറാബി ബംഗ്ലാപ്പുര (അൽത്താഫ്, ബിത്ര ഖാസി മുഹമ്മദ് യാസീൻ ഫൈസി, ബീബിത്ത (റഹ്മത്ത്ബി)എന്നിവരുടെ ഉമ്മ)
ഭാര്യ : ഖദീജ അവ്വാബിത്തോട
മക്കൾ :
1. നൂറുൽ ബറഹ് (അറ്റബി)
2. ഫസിലുറഹ്മാൻ
3. ഫത്തഹുസമാൻ
4. സുന്നിരബി.
നസീർ അവ്വാബിത്തോട അദ്ദേഹത്തിൻ്റെ വളർത്തു മകനാണ്.
2026 സെപ്റ്റംബർ 14 റബീഉൽ അഖിർ 3 ന് ആ ധന്യമായ ജീവിത യാത്ര അവസാനിച്ചു അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി മട്ടാഞ്ചേരി മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ അന്ത്യ വിശ്രമം കൊള്ളുന്നു.
നാട്ടിലെ മതപരമായ പൊതു ചടങ്ങുകളിൽ മുന്നിൽ എന്നും തെളിഞ്ഞു നിന്നിരുന്ന ആ പ്രകാശ പൂരിത സാന്നിധ്യം ഇനി ഉണ്ടാവില്ല എന്നത് നമ്മെ ഏറെ സങ്കടപ്പെടുത്തുന്നു.
ചരിത്ര കർമ്മ ശാസ്ത്ര വിഷയങ്ങളിൽ അദ്ദേഹം കാത്ത് വെച്ച അറിവ് കുടുംബത്തിലും പ്രകാശം പരത്തിപിന്മുറക്കാരായ മക്കളും പേരമക്കളും അത് മൽസര പരീക്ഷകളിൽ പ്രകടമാക്കിയിട്ടുണ്ട്.
ജീവിതത്തിൽ ഉടനീളം പിന്തുടർന്ന സൂക്ഷ്മതയോടെ ഉള്ള
കർമ്മവും ധർമ്മവും പരലോകത്ത് ഉപകരിക്കുന്ന അമലായി അല്ലാഹു സ്വീകരിക്കട്ടെ..
അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു
ഈ വിയോഗത്തിൽ ക്ഷമിക്കാനുള്ള കരുത്ത് അല്ലാഹു അവരുടെ കുടുംബത്തിന് പ്രധാനം ചെയ്യട്ടെ…..ആമീൻ
✍️ആശി ഉബൈദ്
