കിൽത്താൻ ആസിഡ് ആക്രമണക്കേസ്: പ്രതിയെ വെറുതെവിട്ട് കോടതി



കവരത്തി: കിൽത്താനിൽ 2017-ൽ നടന്നതായി ആരോപിക്കപ്പെട്ട ആസിഡ് ആക്രമണക്കേസിൽ പ്രതിയായ കാട്ടാം പള്ളി സദഖത്തുള്ളയെ (ദുംതു)കവരത്തി സെഷൻസ് കോടതി വെറുതെവിട്ടു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326A വകുപ്പ് പ്രകാരമുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. സെഷൻസ് ജഡ്ജി ജ്യോതി. വി. സെപ്റ്റംബർ 8-നാണ് വിധി പ്രസ്താവിച്ചത്.

2017 മേയ് 12-ന് രാത്രി ഒമ്പത് മണിയോടെ കിൽത്താൻ ജുമാ മസ്ജിദിന് സമീപം മുഹമ്മദ് റഫീഖിന്റെ വലത് കണ്ണിലേക്ക് ആസിഡ് പോലുള്ള ദ്രാവകം ഒഴിച്ചതായാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തെ തുടർന്ന് റഫീഖിന് ഗുരുതരമായ കണ്ണിന് പരിക്കേൽക്കുകയും പിന്നീട് വലത് കണ്ണ് നീക്കം ചെയ്യേണ്ടിവരികയും ചെയ്തിരുന്നു. ലക്ഷദ്വീപിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ആസിഡ് ആക്രമണക്കേസായാണ് പൊലീസ് ഇതിനെ പരിഗണിച്ചത്.

കോടതി വിലയിരുത്തലിൽ, റഫീഖിന് ഗുരുതരവും സ്ഥിരവുമായ രാസപരിക്ക് സംഭവിച്ചതായി മെഡിക്കൽ തെളിവുകൾ വ്യക്തമാക്കിയെങ്കിലും, പരിക്ക് ഉണ്ടാക്കിയ വസ്തു കൃത്യമായി ആസിഡാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആസിഡോ ആൽക്കലിയോ പോലുള്ള ഏതെങ്കിലും corrosive substance മൂലമാകാം പരിക്കെന്ന് ചികിത്സിച്ച ഡോക്ടറുടെ മൊഴിയിലുണ്ടായിരുന്നുവെങ്കിലും, വസ്തുവിന്റെ രാസഘടന സ്ഥിരീകരിക്കുന്ന ഫോറൻസിക് പരിശോധന നടന്നിരുന്നില്ല.

കേസിൽ ആരോപിക്കപ്പെട്ട ദ്രാവകം പൊലീസ് വീണ്ടെടുത്തില്ല. അവശിഷ്ടങ്ങളോ സാമ്പിളോ കണ്ടെത്തിയില്ല; സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും രാസപരിശോധനയ്ക്ക് വിധേയമാക്കിയില്ല. പ്രതി എത്തിയതായി പറയുന്ന മോട്ടോർസൈക്കിളും കണ്ടെത്തുകയോ പിടിച്ചെടുക്കുകയോ ചെയ്തില്ല. കൂടാതെ, ദ്രാവകം ലഭിച്ചതായി ആരോപിക്കപ്പെട്ട സ്ഥലത്തുനിന്നും സ്വതന്ത്രമായ തെളിവുകൾ ശേഖരിച്ചിരുന്നില്ല.

എഫ്ഐആർ രജിസ്റ്റർ ചെയ്തതിലെ ഏകദേശം 34 ദിവസത്തെ കാലതാമസം, എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്, വിവരത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയിലെ വൈരുധ്യങ്ങൾ എന്നിവയും കോടതി പരിഗണിച്ചു.

പരിക്കേറ്റ റഫീഖിന്റെ മൊഴിയിൽ ആക്രമണകാരൻ സമീപിച്ച രീതിയെക്കുറിച്ചുള്ള വൈരുധ്യവും, സംഭവസ്ഥലത്തെ ട്യൂബ് ലൈറ്റ് വെളിച്ചത്തെക്കുറിച്ചുള്ള പരാമർശം പിന്നീട് കോടതിയിൽ ആദ്യമായി ഉന്നയിച്ചതും കോടതി ചൂണ്ടിക്കാട്ടി. ആക്രമണം നേരിട്ട് കണ്ട മറ്റൊരു സ്വതന്ത്ര സാക്ഷിയെയും പ്രോസിക്യൂഷന് ഹാജരാക്കാനായില്ല.

പ്രതിയുടെതായി ആരോപിക്കപ്പെട്ട കുറ്റസമ്മത മൊഴിയും കോടതി വിശ്വസനീയമെന്ന് കണ്ടെത്തിയില്ല. മൊഴി പറയുന്ന സാക്ഷികൾ ഇരയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. കൂടാതെ, മൊഴിയിലെ ചില പ്രധാന കാര്യങ്ങൾ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, റഫീഖിന് സംഭവിച്ച ഗുരുതരവും സ്ഥിരവുമായ കണ്ണിനുള്ള പരിക്ക് കോടതി അംഗീകരിച്ചു. ഇരയ്ക്ക് ബാധകമായ നഷ്ടപരിഹാര പദ്ധതിപ്രകാരം പരിഗണന നൽകുന്നതിനായി ബന്ധപ്പെട്ട രേഖകൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്കോ ബന്ധപ്പെട്ട അധികാരിയിലേക്കോ സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഇത് പ്രതിക്കെതിരായ ക്രിമിനൽ ഉത്തരവാദിത്തം സ്ഥാപിക്കുന്നതായി കണക്കാക്കരുതെന്നും വിധിയിൽ വ്യക്തമാക്കി.

കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകി സദഖത്തുള്ളയെ 326A വകുപ്പ് പ്രകാരമുള്ള കുറ്റത്തിൽ നിന്ന് കോടതി വെറുതെവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *