കവരത്തി: അഗത്തിയിൽ പൊതുപ്രവർത്തകർക്കെതിരെ ഇന്നലെ നടന്ന പോലീസ് നടപടിയിലും വിവിധ എംപിലാഡ് പദ്ധതികൾ അനാവശ്യമായി വൈകിപ്പിക്കുന്നതിലും ലക്ഷദ്വീപ് ജില്ലാ കളക്ടർക്കെതിരെ പ്രതികരിച്ച് ലക്ഷദ്വീപ് എം.പി. ഹംദുള്ള സഈദ്. ഇന്ന് കവരത്തിയിൽ നടന്ന ദിശ (DISHA) യോഗത്തിനിടെയായിരുന്നു എം.പിയുടെ വിമർശനം.
മറ്റ് വകുപ്പ് തലവന്മാരുടെ സാന്നിധ്യത്തിലാണ് ജില്ലാ കളക്ടർക്കെതിരെ എം.പി. ശക്തമായ നിലപാട് സ്വീകരിച്ചത്. തനിക്ക് വലിയ സമ്മർദ്ദമുണ്ടെന്നും, എം.പി. എന്ന നിലയിൽ ഇത്തരം വിഷയങ്ങൾ ഉത്തരവാദപ്പെട്ട ജില്ലാ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുകയല്ലാതെ മറ്റാരോടാണ് പറയേണ്ടതെന്നും ഹംദുള്ള സഈദ് യോഗത്തിൽ വ്യക്തമാക്കി.
എംപിലാഡ് പദ്ധതികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിയമാനുസൃതമായി പൂർത്തിയാക്കുന്നതിൽ എതിർപ്പില്ലെന്നും, എന്നാൽ നടപടിക്രമങ്ങളുടെ പേരിൽ പദ്ധതികൾ അനാവശ്യമായി വൈകിപ്പിക്കരുതെന്നും എം.പി. ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് തന്നെ ഇക്കാര്യങ്ങൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പദ്ധതികൾ തടഞ്ഞുവെക്കുന്നില്ലെന്നും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ നടപടികൾ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
ഒരു ആഴ്ച മുമ്പ് കത്ത് നൽകിയിട്ടും നടപടികൾ വൈകുന്നതിനെക്കുറിച്ചും എം.പി. യോഗത്തിൽ ചോദ്യം ഉന്നയിച്ചു. നേരത്തെ നേരിട്ട് കണ്ടും വിഷയം ഉന്നയിച്ചിരുന്ന സാഹചര്യത്തിൽ വീണ്ടും കൂടുതൽ സമയം ആവശ്യപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി രണ്ടാഴ്ചയല്ല, ഒരാഴ്ചത്തെ സമയമാണ് ആവശ്യപ്പെട്ടതെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
ദിശ യോഗത്തിന് ശേഷം അഡ്വൈസറുമായി ബന്ധപ്പെട്ട വിഷയങ്ങളിലും എം.പി. കൂടിക്കാഴ്ച നടത്തി. തുടർന്ന് വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത ശേഷമാണ് ഹംദുള്ള സഈദ് മടങ്ങിയത്.
