അഗത്തി: അഗത്തിയിൽ ജനകീയ സമരങ്ങൾക്കെതിരെ ഭരണകൂടം സ്വീകരിക്കുന്ന നടപടികളെ അപലപിച്ച് ലക്ഷദ്വീപ് മുൻ എം.പി. പി.പി. മുഹമ്മദ് ഫൈസൽ. കാരണം കാണിക്കൽ നോട്ടീസിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ, നിയമപരമായ വഴികൾ തേടാനുള്ള ജനങ്ങളുടെ അവകാശം പോലും തടസ്സപ്പെടുത്തിക്കൊണ്ട് നടത്തുന്ന ഒഴിപ്പിക്കൽ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.
ദ്വീപ് നിവാസികളുടെ അവകാശങ്ങൾക്കായി സമാധാനപരമായി പോരാടി അറസ്റ്റ് വരിച്ച എൻ.സി.പി. (എസ്.പി.) സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. ജബ്ബാർ ഉൾപ്പെടെയുള്ള ജനകീയ പ്രവർത്തകർക്ക് ഫൈസൽ അഭിവാദ്യം അർപ്പിച്ചു.
ജനങ്ങളുടെ ആത്മാഭിമാനത്തെ അടിച്ചമർത്താമെന്ന് ഭരണകൂടവും ഉദ്യോഗസ്ഥരും കരുതേണ്ടതില്ലെന്നും, ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ അടിച്ചമർത്തൽ നടപടികൾക്ക് അധികകാലം നിലനിൽപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിറന്ന മണ്ണിനായി പോരാടുന്ന അഗത്തി ദ്വീപിലെ ജനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഫൈസൽ, സമരനായകർക്ക് അഭിവാദ്യങ്ങളും അറിയിച്ചു.
