കൊച്ചിയിൽ ലക്ഷദ്വീപ് കൾച്ചറൽ സൊസൈറ്റിക്ക് കബർസ്ഥാൻ നിർമിക്കാൻ അനുമതി



പുത്തൻകുരിശ്: കൊച്ചിയിൽ ലക്ഷദ്വീപ് നിവാസികൾക്കായി കബർസ്ഥാൻ നിർമിക്കുന്നതിന് ലക്ഷദ്വീപ് കൾച്ചറൽ സൊസൈറ്റിക്ക് എറണാകുളം ജില്ലാ കളക്ടർ അനുമതി നൽകി. പുത്തൻകുരിശ് ഗ്രാമത്തിലെ ബ്ലോക്ക് നമ്പർ 39-ലെ സർവേ നമ്പർ 11/9-ൽപ്പെട്ട 32 ആർ സ്ഥലത്താണ് കബർസ്ഥാൻ നിർമിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അനുമതി ലഭിച്ച വിവരം ലക്ഷദ്വീപ് എം പി ഹംദുല്ലാ സൈദ് സാമൂഹ്യ മാധ്യമങ്ങൾ വഴി അറിയിച്ചു.

ലക്ഷദ്വീപ് നിവാസികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു കബർസ്ഥാൻ എന്നത്. ദ്വീപുകളിൽ നിന്നെത്തി കൊച്ചിയിൽ താമസിക്കുന്നവർക്കും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി കൊച്ചിയിലെത്തുന്നവർക്കും മരണാനന്തര ചടങ്ങുകൾക്കായി സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.

ജനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം സമാഹരിച്ചും മറ്റ് സാമ്പത്തിക സഹായങ്ങളിലൂടെയുമാണ് കബർസ്ഥാൻ പദ്ധതി യാഥാർഥ്യമാക്കുന്നത്. ലക്ഷദ്വീപ് നിവാസികളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.

ലക്ഷദ്വീപ് കൾച്ചറൽ സൊസൈറ്റിയുടെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ള സ്ഥലമാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. റവന്യൂ ഡിവിഷണൽ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് ജില്ലാ കളക്ടർ അനുമതി നൽകിയത്.

സ്ഥലപരിശോധനയിൽ സമീപത്തെ വീടുകൾ ഏകദേശം 50–55 മീറ്റർ അകലെയാണെന്നും 50 മീറ്ററിനുള്ളിൽ കുടിവെള്ള സ്രോതസ്സുകളില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമീപവാസികളിൽ നിന്ന് പൊതുവായ എതിർപ്പുകൾ ലഭിച്ചിട്ടില്ലെങ്കിലും ഒരു സമീപവാസി എതിർപ്പ് ഉന്നയിച്ചതായി പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കബർസ്ഥാന്റെ നിർമ്മാണത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ Establishment Consent ഉൾപ്പെടെയുള്ള ആവശ്യമായ അനുമതികൾ മുൻകൂട്ടി നേടണം. നിർമ്മാണം ആറ് മാസത്തിനകം പൂർത്തിയാക്കി ജില്ലാ മെഡിക്കൽ ഓഫീസറുടെ പൂർത്തീകരണ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്. തുടർന്ന് Form II ലൈസൻസ് ലഭിച്ച ശേഷമേ കബർസ്ഥാൻ പ്രവർത്തനം ആരംഭിക്കാൻ പാടുള്ളൂ.

കബർസ്ഥാനിൽ എട്ട് അടി ഉയരമുള്ള ചുറ്റുമതിലും ഗേറ്റും, ചുറ്റിലും മരങ്ങൾ നട്ടുപിടിപ്പിക്കലും, ആവശ്യമായ കുടിവെള്ള-ശുചിമുറി സൗകര്യങ്ങളും ഒരുക്കണം. മരണപ്പെട്ടവരുടെ പേര്, വിലാസം, മരണകാരണം തുടങ്ങിയ വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *