കവരത്തി: കേന്ദ്രഭരണ പ്രദേശങ്ങളിലെ DANICS, DANIPS ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ ലക്ഷദ്വീപിൽ സേവനമനുഷ്ഠിച്ചിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ പുതിയ നിയമന സ്ഥലമായ ഡൽഹിയിൽ ചുമതലയേൽക്കുന്നതിനായി ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്ന് റിലീവ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് 2026 സെപ്റ്റംബർ 8ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സർവീസസ് വിഭാഗം പുറത്തിറക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 ജൂലൈ 9ന് പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിലീവിംഗ് ഓർഡർ. ഉത്തരവ് പ്രകാരം സെപ്റ്റംബർ 8ന് ഉച്ചയ്ക്ക് ശേഷം മൂന്ന് ഉദ്യോഗസ്ഥരെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്ന് ഔദ്യോഗികമായി റിലീവ് ചെയ്തത്.
റിലീവ് ചെയ്ത ഉദ്യോഗസ്ഥർ:
കെ. ബുസർ ജംഹർ (DANICS: 2023) – ഡൽഹി
രാജ്നീഷ് (DANIPS: 2011) – ഡൽഹി
അവിനാഷ് അൻഷുൽ (DANIPS: 2021) – ഡൽഹി
ലക്ഷദ്വീപിൽ നിന്നുള്ള ഏക DANICS ഓഫീസറായ കെ. ബുസർ ജംഹറിന്റെ ഡൽഹിയിലേക്കുള്ള മാറ്റമാണ് ഇതിൽ ശ്രദ്ധേയമായത്. കിൽത്താൻ, ചെത്ത്ലാത്ത്, ബിത്ര ദ്വീപുകളുടെ ഡെപ്യൂട്ടി കലക്ടർ ഉൾപ്പെടെയുള്ള വിവിധ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
