ബിത്രയിൽ എയർ ടു ഗ്രൗണ്ട് റേഞ്ച് സ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കാൻ നീക്കം; സെപ്റ്റംബർ 10 മുതൽ സർവേ



കവരത്തി: ലക്ഷദ്വീപിലെ ബിത്ര ദ്വീപിൽ എയർ ടു ഗ്രൗണ്ട് റേഞ്ച് (Air-to-Ground Range) സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടവും ഇന്ത്യൻ വ്യോമസേനയും മുന്നോട്ട്. പദ്ധതിയുടെ ഭാഗമായി പ്രാഥമിക സർവേ നടപടികൾ സെപ്റ്റംബർ 10 മുതൽ ആരംഭിക്കാനാണ് നീക്കം.

ഇന്ത്യൻ വ്യോമസേനയുടെ 340 TRU AF കമാൻഡിംഗ് ഓഫീസറും സഹഉദ്യോഗസ്ഥനും ഉൾപ്പെടുന്ന സംഘം കപ്പൽ മാർഗം ബിത്രയിലെത്തി സർവേ നടത്തും. വ്യോമസേനാ സംഘത്തെ സഹായിക്കുന്നതിനായി റവന്യൂ വകുപ്പിന്റെ സർവേ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ജഗ്ദീഷ് ശർമ്മ ഉത്തരവിറക്കി.

ചെത്ലാത്തിൽ നിന്നുള്ള സർവേ ഉദ്യോഗസ്ഥരെ ബിത്രയിലേക്ക് എത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്താൻ കിൽത്താൻ ഡെപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ സ്ഥലം കണ്ടെത്തുക, അതിർത്തി നിർണയിക്കുക, സർവേ വിവരങ്ങൾ രേഖപ്പെടുത്തുക തുടങ്ങിയ നടപടികളാണ് സംയുക്തമായി നടത്തുക.

എന്താണ് എയർ ടു ഗ്രൗണ്ട് റേഞ്ച്?

യുദ്ധവിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും ആകാശത്തുനിന്ന് തറയിലെ ലക്ഷ്യങ്ങളിലേക്ക് ബോംബുകൾ, മിസൈലുകൾ, മറ്റ് ആയുധങ്ങൾ എന്നിവ പ്രയോഗിക്കുന്നതിനുള്ള പരിശീലനം നൽകുന്ന പ്രത്യേക സൈനിക പരിശീലന മേഖലയാണ് എയർ ടു ഗ്രൗണ്ട് റേഞ്ച്.

ഇത്തരം മേഖലകളിൽ ടാങ്കുകൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ, റൺവേകൾ തുടങ്ങിയവയുടെ മാതൃകകൾ കൃത്രിമ ലക്ഷ്യങ്ങളായി സ്ഥാപിച്ച് സൈനിക പരിശീലനം നടത്താറുണ്ട്. പരിശീലന സമയത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി റേഞ്ചിന് ചുറ്റുമുള്ള പ്രദേശങ്ങളിലും വ്യോമപാതകളിലും സാധാരണക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പതിവാണ്.


അതേസമയം, ബിത്രയിലെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയിൽ കേസ് നിലവിലുണ്ടെന്ന സാഹചര്യവും ശ്രദ്ധേയമാണ്. ബിത്ര ഭൂമി ഏറ്റെടുക്കുനതിനു എതിരെ hon. ഹൈകോടതിയിൽ കേസ് നിലവിലിരിക്കെ കോടതി ഉത്തരവ് ഇല്ലാതെ യാതൊന്നും ചെയ്യാൻ പാടില്ലാത്തതാണ്.

Leave a Reply

Your email address will not be published. Required fields are marked *