കവരത്തി: ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച സമരം വൻ വിജയമായതും തുടർന്ന് വിദ്യാഭ്യാസ മന്ത്രി രാജിവെച്ച സാഹചര്യത്തിൽ, അതിന്റെ പ്രതിഫലനം ലക്ഷദ്വീപിലും പ്രകടമാകുന്നതായി കോക്രോച്ച് ജനതാ പാർട്ടി ലക്ഷദ്വീപ് സംഘാടകർ അറിയിച്ചു.
ലക്ഷദ്വീപിൽ സമാനമായ ജനകീയ പ്രതിഷേധത്തിന് മുന്നൊരുക്കമായി ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വലിയ തോതിൽ ആളുകൾ ചേർന്നുവരുന്നതായാണ് വിവരം. ഗ്രൂപ്പിലെ അംഗസംഖ്യ ഇതിനകം ആയിരം കടന്നതിനെ തുടർന്ന് രണ്ടാം ഗ്രൂപ്പും മൂന്നാം ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ച ഈ പിന്തുണ ലക്ഷദ്വീപിലെ യുവാക്കൾക്കിടയിൽ പ്രതിഷേധത്തോടുള്ള താൽപര്യം വ്യക്തമാക്കുന്നതായാണ് സംഘാടകർ വിലയിരുത്തുന്നത്.
യൂത്ത് കോൺഗ്രസ് സീനിയർ വൈസ് പ്രസിഡണ്ട് അഡ്വ. അജ്മൽ, എൽ.എസ്.എ, എൻ.വൈ.സി തുടങ്ങിയ സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ച കവർത്തി സ്വദേശി ചെറിയകോയാ എൽ.എസ്.എ സ്ഥാപക നേതാക്കളിലെ ഒരാളായ മർഹൂം ബീ. അമാനുള്ളയുടെ മകൻ അഡ്വ. സബീഹ് അമാൻ തുടങ്ങിയവർ അടങ്ങുന്ന 10ഓളം അഡ്മിന്മാരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ലക്ഷദ്വീപിൽ വിപുലമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ ഗ്രൂപ്പിൽ അംഗങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
