വിദ്യാർത്ഥികൾക്ക് ദിശാബോധവും മത്സരപരീക്ഷാ പരിശീലനവും ലക്ഷ്യമാക്കി ‘കമാൻ’ റെസിഡൻഷ്യൽ വർക്ക്‌ഷോപ്പ്.

കവരത്തി: ലക്ഷദ്വീപിലെ വിദ്യാർത്ഥികളെ മാറിവരുന്ന ലോകത്തെയും ദ്വീപ് സമൂഹം നേരിടുന്ന സമകാലിക വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ KAMAAN Society of Lakshadweep മൂന്ന് ദിവസത്തെ റെസിഡൻഷ്യൽ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 25 വിദ്യാർത്ഥികൾക്കാണ് ഈ പ്രത്യേക പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

ലക്ഷദ്വീപിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ നിരവധി വ്യക്തികൾ വളർന്നുവന്നിട്ടുണ്ടെങ്കിലും, അതിവേഗം മാറുന്ന ലോകത്തെയും ദ്വീപ് സമൂഹം അഭിമുഖീകരിക്കുന്ന പ്രത്യേക വെല്ലുവിളികളെയും നേരിടാൻ ആവശ്യമായ രീതിയിൽ വിദ്യാർത്ഥികളെ നമ്മുടെ വിദ്യാഭ്യാസ സംവിധാനം സജ്ജമാക്കുന്നതിൽ പരിമിതികൾ ഉണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ സാമൂഹിക ഇടപെടൽ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

വർക്ക്‌ഷോപ്പിന് “കമാൻ” എന്ന പേര് നൽകിയിരിക്കുന്നത് ദ്വീപുകാരുടെ പൈതൃകവുമായി ബന്ധപ്പെട്ട ചരിത്രപരമായ പ്രതീകാത്മകത കണക്കിലെടുത്താണ്. യന്ത്രവത്കൃത കപ്പലുകളും ബോട്ടുകളും നിലവിൽ വരുന്നതിന് മുമ്പ്, പായോടങ്ങളിൽ സഞ്ചരിച്ചിരുന്ന പൂർവികർ സൂര്യനെയും നക്ഷത്രങ്ങളെയും അടിസ്ഥാനമാക്കി ദിശ കണ്ടെത്താൻ ഉപയോഗിച്ചിരുന്ന ഉപകരണമായിരുന്നു “കമാൻ”. ജീവിതത്തിൽ ശരിയായ ദിശ കണ്ടെത്താൻ വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പേര് തെരഞ്ഞെടുത്തിരിക്കുന്നത്.

Click to register
https://docs.google.com/forms/d/16Wc2iO0PsImpOuM2Nth5nev7LjaYo-GcByVdiGX1zvI/viewform

വർക്ക്‌ഷോപ്പിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മത്സരപരീക്ഷകൾക്കുള്ള പ്രാഥമിക പരിശീലനം, ലക്ഷദ്വീപിന്റെ ചരിത്രത്തെക്കുറിച്ചുള്ള പഠന സെഷനുകൾ, ദ്വീപുകളുടെ പരിസ്ഥിതിയും ജൈവവൈവിധ്യവും മനസ്സിലാക്കുന്നതിനുള്ള ക്ലാസുകളും ഫീൽഡ് അധ്യയനവും ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും.

Centre for Information and Guidance India (CIGI), Nature Conservation Foundation (NCF) എന്നിവയുടെ സഹകരണത്തോടെയും വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളുടെയും സമാന ചിന്താഗതിക്കാരായ സംഘടനകളുടെയും പിന്തുണയോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രധാന ക്യൂറേറ്ററിന് പുറമെ ലക്ഷദ്വീപിലെ അധ്യാപകർ, വിദഗ്ധർ, രാഷ്ട്രീയ നേതാക്കൾ, കലാകാരന്മാർ തുടങ്ങിയവർ റിസോഴ്‌സ് പേഴ്‌സൺമാരായി പങ്കെടുക്കും. പ്രാദേശിക യാഥാർഥ്യങ്ങളുമായി ബന്ധിപ്പിച്ചുള്ള അറിവും വൈവിധ്യമാർന്ന അനുഭവങ്ങളും വിദ്യാർത്ഥികൾക്ക് പങ്കുവെക്കുന്നതിലൂടെ സമഗ്രമായ പഠനാനുഭവം ഒരുക്കുകയാണ് ലക്ഷ്യം.

നിലവിൽ ലക്ഷദ്വീപ് നേരിടുന്ന വിവിധ വെല്ലുവിളികളുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് വിദ്യാർത്ഥികളായിരിക്കുമെന്ന വിലയിരുത്തലാണ് സംഘാടകർ പങ്കുവെക്കുന്നത്. അതിനാൽ തന്നെ, അവരെ ഭാവിയിലേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്വത്തോടെയും നയിക്കാൻ സഹായിക്കുന്ന സമഗ്ര വ്യക്തിത്വ വികസന വേദിയായാണ് ഈ വർക്ക്‌ഷോപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമായി നിരവധി ശ്രദ്ധേയ വർക്ക്‌ഷോപ്പുകൾക്ക് നേതൃത്വം നൽകിയ കോഴിക്കോട് സ്വദേശിയായ എം. നൗഷാദ് ആണ് ‘കമാൻ’ വർക്ക്‌ഷോപ്പിന്റെ മുഖ്യ ക്യൂറേറ്റർ.

Leave a Reply

Your email address will not be published. Required fields are marked *