റോഡ് വശത്തെ തെങ്ങ് മുറിക്കൽ വിവാദം: എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരത്തിൽ സംശയം; ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതിയുടെ വിശദീകരണം



കൊച്ചി: ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ റോഡ് വശങ്ങളിലെ തെങ്ങുകൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ കേരള ഹൈക്കോടതി ഇടപെട്ടു. ഉത്തരവ് ചോദ്യം ചെയ്ത് അസദുള്ള പാലമാടം ഉൾപ്പെടെ 17 ദ്വീപ് നിവാസികൾ സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) പ്രകാരം ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് നിയമപരമായ അധികാരം നൽകുന്ന ഔദ്യോഗിക വിജ്ഞാപനം (Notification) നിലവിലുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ അജിത് ജി. അഞ്ജാർലേക്കർ, ജി.പി. ഷിനോദ്, ഗോവിന്ദ് പത്മനാഭൻ, അതുൽ മാത്യൂസ്, ഗായത്രി എസ്.ബി. എന്നിവർ, ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ ആവശ്യമായ നിയമപരമായ നോട്ടിഫിക്കേഷൻ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് ഇല്ലെന്ന് കോടതിയെ അറിയിച്ചു.

തുടർന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ജി. ഗിരീഷ്, ലക്ഷദ്വീപ് ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന സ്റ്റാൻഡിങ് കൗൺസലിനോട്, ബന്ധപ്പെട്ട വിജ്ഞാപനം ഉണ്ടെങ്കിൽ അത് കോടതിയിൽ ഹാജരാക്കുകയോ, അത്തരമൊരു വിജ്ഞാപനം എന്തുകൊണ്ട് ആവശ്യമില്ലെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കുകയോ ചെയ്യാൻ നിർദേശിച്ചു.

കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂൺ 15-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *