1979 ലെ മദ്യ നിരോധന നിയമം റദ്ദാക്കിക്കൊണ്ടുള്ള തിട്ടൂരത്തെ
ലക്ഷദ്വീപിനെ ‘വെടക്കാക്കി തനിക്കാക്കുന്ന’ ഭരണ കൂട ഭീകരരതയുടെ അവസാന നടപടിയായി
മാത്രമേ വിലയിരുത്താനാകൂ.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കുറ്റകൃത്യങ്ങൾ നന്നേ കുറഞ്ഞ ഏറ്റവും സുരക്ഷിതമായ പ്രദേശമാണിണിതെന്ന് ഔദ്യോഗിക
കണക്കുകൾ തന്നെ പറയുന്നു.
കൊലപാതകം,കൊള്ള, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വൻ കുറ്റകൃത്യങ്ങൾ ലക്ഷദ്വീപിൽ പൂജ്യമാണ് അഥവാ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം.
ഇന്ത്യയിൽ സ്ത്രീ സുരക്ഷയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രദേശം.
NCRB (National Crime Records Bureau) യുടെ റിപ്പോർട്ടുകളിലെ നിരീക്ഷണങ്ങളാണിവ.
ഇതിനൊക്കെ കാരണം സർവ തിന്മകളുടെയും താക്കോലായ ലഹരി വസ്തുക്കളുടെ ഇല്ലായ്മയാണ്.
സ്വൈരവും സ്വഛന്ദവുമായി കഴിയുന്ന ദ്വീപുകാരുടെ മേൽ കഴുകന്മാർ വട്ടമിട്ട് പറക്കാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി.
പവിഴത്തുരുത്തുകളുടെ തനിമയും പൈതൃകവും തകർത്തു കഴിഞ്ഞു.
‘ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’ പ്രാബല്യത്തിൽ വന്നു.
ആ ശവപ്പെട്ടിയിലെ അവസാന ആണിയാണിത്.
ആ നാട്ടുകാർക്ക് വേണ്ടാത്ത ഇത്തരം തിന്മകൾ എന്തിന് അടിച്ചേൽപ്പിക്കണം?
കേരളവും തമിഴ്നാടും ഉൾപ്പെടെ,ലഹരി വ്യാപനം തടയാൻ സർവ സന്നാഹങ്ങളുമെടുത്ത് രംഗത്തിറങ്ങുമ്പോഴാണ് ഒരു ഭാഗത്ത് ഇത്തരം തല തിരിഞ്ഞ നീക്കങ്ങൾ.
ദ്വീപുകാർ ഒന്നടങ്കം പ്രതിഷേധത്തിലാണ്,ഒപ്പം രാജ്യത്ത് സ്വൈരമാഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും.
പക്ഷെ,അധികാരത്തിൻ്റെ ഹുങ്കിൽ ഭീഷണിയുടെ തേറ്റകൾ കാട്ടി അരാജകത്വം സൃഷ്ടിക്കാൻ കരുതിക്കൂട്ടിയുള്ള നിരന്തര ശ്രമങ്ങളുമായി മുന്നേറുകയാണ് ഭരണകൂടം.
നാടെങ്ങും പ്രതിഷേധങ്ങളുയരട്ടെ.
മുഹമ്മദ് പറവൂർ
(സെക്രട്ടറി കേരള മുസ്ലിം ജമാഅത്ത്)
