ബി.ജെ.പിയിൽ ചേരുന്നുവെന്ന പ്രചാരണം വ്യാജം; നിയമനടപടി സ്വീകരിക്കുമെന്ന് പി.പി. മുഹമ്മദ് ഫൈസൽ

ലക്ഷദ്വീപ് മുൻ എംപിയും എൻ.സി.പി (എസ്.പി) ദേശീയ ജനറൽ സെക്രട്ടറിയുമായ പി.പി. മുഹമ്മദ് ഫൈസൽ, താൻ ബി.ജെ.പിയിൽ ചേരുന്നുവെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പ്രചരിക്കുന്ന വാർത്തകൾ രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും, തന്റെ രാഷ്ട്രീയ നിലപാടുകളെയും താൻ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെയും കുറിച്ച് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.

എൻ.സി.പി (എസ്.പി)യുടെ ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിൽ തന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ പൂർണ്ണമായും തള്ളിക്കളയണമെന്നും, ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പി.പി. മുഹമ്മദ് ഫൈസൽ അറിയിച്ചു.

അതേസമയം, ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട വാർത്ത സമകാലിക മലയാളം എന്ന ഓൺലൈൻ മാധ്യമത്തിലാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടതെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായത്. തുടർന്ന് ദ്വീപിൽ നിന്നുള്ള നിരവധി പേർ വാർത്തയുടെ ഉറവിടം അന്വേഷിച്ച് ബന്ധപ്പെട്ട മാധ്യമത്തെ സമീപിച്ചെങ്കിലും, വാർത്തയുടെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം ലഭിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഈ വിഷയത്തിൽ ബന്ധപ്പെട്ട മാധ്യമത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *