2026-ലെ ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ പുനഃപരിശോധിച്ച് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി. അഡ്വ. എം. ഹംദുള്ള സയീദ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് 23/06/2026-ന് കത്തയച്ചു.. 1979 മുതൽ 46 വർഷമായി ലക്ഷദ്വീപിൽ നിലനിന്നിരുന്ന മദ്യനിരോധനം പുതിയ റെഗുലേഷൻ വഴി എടുത്തുകളഞ്ഞത് ദ്വീപിന്റെ സാമൂഹിക ഘടനയ്ക്കും ഗോത്ര സ്വത്വത്തിനും ഭീഷണിയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കരട് റെഗുലേഷനെതിരെ വ്യാപകമായ പൊതുജന എതിർപ്പ് ഉണ്ടായിട്ടും ഗ്രാമസഭകളിലോ ജനങ്ങളോടോ ചർച്ച നടത്താതെയാണ് ഇത് നടപ്പാക്കിയതെന്ന് എം.പി. ആരോപിച്ചു.
പട്ടികവർഗ സമൂഹമായ ലക്ഷദ്വീപിൽ പരമ്പരാഗതമായി മദ്യ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതാണ്, പുതിയ നയം സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ എന്നിവരുടെ ആരോഗ്യത്തെയും സാമൂഹിക സുരക്ഷയെയും ബാധിക്കുമെന്ന് കത്തിൽ പറയുന്നു. 2020-ലെ ടൂറിസം നയത്തിലോ ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെന്റ് പ്ലാനിലോ മദ്യ ഉദാരവൽക്കരണം നിർദേശിച്ചിട്ടില്ലെന്നും, ഭരണഘടനയുടെ 47-ാം അനുച്ഛേദം ലഹരി വസ്തുക്കൾ നിരോധിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണെന്നും എം.പി. ഓർമിപ്പിച്ചു. ദ്വീപിലെ കുറഞ്ഞ കുറ്റകൃത്യ നിരക്കും ക്രമസമാധാനവും മദ്യനിരോധനം മൂലമാണെന്നും, അതിനാൽ 2026-ലെ റെഗുലേഷൻ പിൻവലിച്ച് മദ്യനിരോധനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാവിയിൽ ദ്വീപിലെ ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം മാത്രം ഇത്തരം നയങ്ങൾ കൊണ്ടുവരണമെന്നും ലക്ഷദ്വീപിന്റെ ഗോത്ര സ്വത്വവും പാരിസ്ഥിതിക സന്തുലനവും സംരക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
