മദ്യനയത്തിനെതിരെ അഗത്തിയിൽ ബഹുജന പ്രതിഷേധം

അഗത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അടുത്തിടെ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിനെതിരെ അഗത്തി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വരുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ബഹുജന പ്രതിഷേധം സംഘടിപ്പിക്കും.
ദ്വീപിന്റെ സാമൂഹിക-സാംസ്കാരിക മൂല്യങ്ങൾക്കും സമാധാനാന്തരീക്ഷത്തിനും ദോഷകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. വിവിധ ജുമാ മസ്ജിദുകളിൽ നിന്ന്  പ്രതിഷേധ പ്രകടനങ്ങൾ ആരംഭിക്കും.

മഹല്ലിലെ ഖാസിമാരുടെയും മത-സാമൂഹിക നേതാക്കളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ അഗത്തി മഹല്ല് പരിധിയിലുള്ള മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ലക്ഷദ്വീപിൽ സമീപകാലത്ത് നടപ്പിലാക്കപ്പെടുന്ന വിവിധ നിയമങ്ങളും സർക്കുലറുകളും ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ മദ്യനയത്തിനെതിരായ ഈ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.