ലക്ഷദ്വീപ് നിവാസികൾക്കായുള്ള ഖബർസ്ഥാൻ പദ്ധതി: അനുമതികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ

എറണാകുളം: ലക്ഷദ്വീപ് നിവാസികൾക്കായി എറണാകുളത്ത് ഒരുക്കുന്ന ഖബർസ്ഥാൻ പദ്ധതിയുടെ അനുമതികൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് ഖബർസ്ഥാൻ കമ്മിറ്റി ഭാരവാഹികളോടൊപ്പം എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്കയെ അവരുടെ ക്യാമ്പ് ഓഫീസിൽ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി.

ഖബർസ്ഥാൻ പദ്ധതിക്ക് ആവശ്യമായ അനുമതികൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എംപിയെയും കമ്മിറ്റി പ്രതിനിധികളെയും അറിയിച്ചു. പദ്ധതിയുടെ പുരോഗതി വേഗത്തിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുമെന്നും കലക്ടർ വ്യക്തമാക്കി.

കൂടിക്കാഴ്ചയിൽ, എറണാകുളം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന ലക്ഷദ്വീപ് നിവാസികൾക്ക് മുമ്പ് ലഭ്യമായിരുന്നതുപോലെ കൂടുതൽ പരിഗണനയും സൗകര്യങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്ന് എംപി ആവശ്യപ്പെട്ടു. ലക്ഷദ്വീപിൽ നിന്ന് ചികിത്സയ്ക്കായി എത്തുന്ന രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന.

ഈ വിഷയം അടുത്ത ആശുപത്രി വികസന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാമെന്ന് ജില്ലാ കലക്ടർ ഉറപ്പുനൽകി. ലക്ഷദ്വീപ് നിവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ പിന്തുണയും സഹകരണവും തുടരുമെന്നും അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *