സ്വച്ഛ് ഭാരത് മിഷൻ: പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാർക്കും പിരിച്ചുവിടൽ.

കവരത്തി: ലക്ഷദ്വീപ് പഞ്ചായത്ത് വകുപ്പിന് കീഴിൽ സ്വച്ഛ് ഭാരത് മിഷൻ (SBM) അനുബന്ധ പ്രവർത്തനങ്ങൾക്കായി നിയമിച്ചിരുന്ന കാഷ്വൽ ലേബറർമാരുടെ സേവനം 2026 മെയ് 31 മുതൽ അവസാനിപ്പിച്ചതായി പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്തരവിറക്കി.

പഞ്ചായത്ത് വകുപ്പിന് കീഴിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും മറ്റ് പൊതുസേവന പ്രവർത്തനങ്ങൾക്കും ആവശ്യമായ എം.ടി.എസ്/എം.എസ്.ഇ ജീവനക്കാർ നിലവിൽ ലഭ്യമായ സാഹചര്യത്തിലാണ് ഈ തീരുമാനം. അതിനാൽ എസ്‌ബിഎം അനുബന്ധ പ്രവർത്തനങ്ങൾക്കായി നിലവിൽ നിയമിച്ചിരിക്കുന്ന കാഷ്വൽ തൊഴിലാളികളുടെ നിയമനം 2026 മെയ് 31 മുതൽ നിർത്തലാക്കുന്നതായി ഉത്തരവിൽ വ്യക്തമാക്കുന്നു.

എല്ലാ ദ്വീപുകളിലെയും ഗ്രാമ (ദ്വീപ്) പഞ്ചായത്തുകളുടെ എക്സിക്യൂട്ടീവ് ഓഫീസർമാർ ബന്ധപ്പെട്ട തൊഴിലാളികളുടെ സേവനം 2026 മെയ് 31 മുതൽ അവസാനിപ്പിച്ച് നടപടി പൂർത്തിയാക്കിയ വിവരം ഡയറക്ടറേറ്റിനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കൂടാതെ, പഞ്ചായത്ത് വകുപ്പിന് കീഴിൽ ഇതേ ആവശ്യങ്ങൾക്കായി പുതിയ കാഷ്വൽ തൊഴിലാളികളെ നിയമിക്കുന്നതും അടുത്ത ഉത്തരവ് വരുന്നതുവരെ നിർത്തിവെച്ചിരിക്കുകയാണ്.

പഞ്ചായത്ത് ഡയറക്ടർ ജഗദീഷ് ശർമ്മ (DANICS) ആണ് ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്. 2026 മെയ് 29-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.