കവരത്തി : സീ.ക്യു പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലക്ഷദ്വീപ് സ്റ്റുഡൻസ് കോൺവെക്കേഷൻ കവരത്തി കടപ്പുറത്ത് വച്ച് നടന്നു. സീ.ക്യു ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യാതിഥിയായ ചടങ്ങ് സീനിയർ സിവിൽ ജഡ്ജ് ചെറിയകോയ ഉദ്ഘാടനം ചെയ്തു. വിവിധ ദ്വീപുകളിൽ ഉയർന്ന നിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിൽ മർക്കസ്/സീ.ക്യു നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലക്ഷദ്വീപിലെ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കണമെന്നും, വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കണമെന്നും ഡോ. അസ്ഹരി അഭിപ്രായപ്പെട്ടു. ദ്വീപിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ മർക്കസ് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
പരിപാടിയിൽ വിവിധ ദ്വീപുകളിൽ നിന്ന് എത്തിയ 150-ലധികം വിദ്യാർത്ഥികളാണ് സനദ് സ്വീകരിച്ചത്.
നാല് രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന 203 സ്കൂളുകളുടെ നെറ്റ്‌വർക്ക് ആയ സീ.ക്യു ഡെസനിയം എന്ന പേരിൽ ആഘോഷിക്കുന്ന പത്താം വാർഷികത്തിന്റെ ഭാഗമായി നാല് സോണുകളിൽ സംഘടിപ്പിച്ച സ്റ്റുഡൻസ് കോൺവെക്കേഷനുകളിൽ അവസാനത്തേതാണ് കവരത്തി പഞ്ചായത്ത് സ്റ്റേജിൽവെച്ച് നടന്നത്. വിവിധ ദ്വീപുകളിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ കലാപരിപാടികൾ വേദിയെ കൂടുതൽ വർണ്ണാഭമാക്കി.
മർകസ് ജോയിൻ ഡയറക്ടർ സി.പി സിറാജ് സഖാഫി, ആച്ചാട അഹ്മദ് ഹാജി (കോൺഗ്രസ്) സലീം ചെറിയത്തോട (എൻ.സി.പി-എസ്.പി) ടി.എം ഹംസത്ത് മുസ്‌ലിയാർ (മുൻ ഖാസി) ഹംസകോയ സഖാഫി (മുസ്ലിം ജമാഅത്ത്) തുടങ്ങി
വിവിധ മത, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു. സീ.ക്യു പി.ആർ മാനേജർ അനീസ് കടമത്ത് സ്വാഗതവും അക്കാദമിക് ഡയറക്ടർ ഇല്യാസ് അബ്ദുള്ള നന്ദിയും പറഞ്ഞു.
