മോദി– ട്രംപ് കോംപ്രമൈസ് ആരോപണം: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷൻ അടക്കം 8 പേർ ഡൽഹിയിൽ അറസ്റ്റിൽ

ഡൽഹി: ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന എഐ (AI) സമ്മിറ്റുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തട്ടിപ്പ് ആരോപണങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജാസ് അക്ബർ, ദേശീയ സെക്രട്ടറി ഷിബിന ഉൾപ്പെടെ എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

എഐ സമ്മിറ്റിന്റെ മറവിൽ നടന്നുവെന്നാരോപിക്കുന്ന ക്രമക്കേടുകളെ ചോദ്യം ചെയ്തതിന്റെ പേരിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നോട് കോംപ്രമൈസ് ചെയ്തുവെന്ന ആരോപണമാണ് യൂത്ത് കോൺഗ്രസ് ഉന്നയിച്ചത്. ഇതിനെതിരെ നടത്തിയ പ്രതിഷേധമാണ് പൊലീസ് തടഞ്ഞതും തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തതും.

പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ സമാധാനപരമായി മുദ്രാവാക്യം വിളിക്കുകയും കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ ശക്തമായ വിമർശനം ഉയർത്തുകയും ചെയ്തതായി യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നാൽ പ്രതിഷേധം നിയന്ത്രിക്കുന്നതിനെന്ന പേരിൽ പൊലീസ് ഇടപെട്ട് ദേശീയ അധ്യക്ഷനെ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിലായ പ്രവർത്തകരെ പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനം ജനാധിപത്യ വിരുദ്ധമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്താനുള്ള ശ്രമമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.