അറബിക്കടലിന്റെ നടുവിൽ ചിതറിക്കിടക്കുന്ന ചെറിയ ദ്വീപുകളിൽ നിന്നു വലിയ സ്വപ്നങ്ങൾ ഉണ്ടാവുന്നവർ ഒരുപാട് പേര് ഉണ്ടാവാം. എന്നാൽ അവയെ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്നവർ അപൂർവമാണ്. അത്തരത്തിൽ, അമിനി ദ്വീപിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് തൻ്റെ സ്വയമദ്ധ്വാനം കൊണ്ട് ലോക ഭൂപടത്തിൽ തൻ്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു സാധാ പോലീസുകാരൻ്റെ അസാധാരണ വിജയത്തിൻ്റെ കഥയാണ് ഞാനിവിടെ കുറിക്കുന്നത്. ഇത് വെറും കച്ചവടത്തിൻ്റെ കഥയല്ല; ആത്മവിശ്വാസം, പരിശ്രമം, ദ്വീപിനോടുള്ള സ്നേഹം എന്നിവ ചേർന്നൊരു ഉഴിർത്തെഴുന്നേൽപ്പിൻ്റെ കഥയാണ്.
സ്വപ്നങ്ങൾക്ക് ആദ്യ കാൽവെപ്പ്
ഒരു ആവശ്യത്തിന് എറണാകുളം തേവരയിലെത്തിയപ്പോഴാണ് ദ്വീപുമായി ബന്ധപ്പെട്ട ഒരു പേര് ആത്മവിശ്വാസ ത്തോടെ ചുമരിൽ എഴുതി വെച്ചത് ഞാൻ കണ്ടത്. ആ പേരിന് പിന്നിൽ എന്റെ പരിചയ വട്ടത്തിലെ സബീറാണെന്ന് അറിഞ്ഞപ്പോൾ ഉള്ളിൽ അഭിമാനത്തിന്റെ ഒരു തിരമാലയുടർന്നു.
കവരത്തിയിൽ വെച്ചാണ് ഞങ്ങളുടെ ആദ്യ പരിജയം. അന്ന് അദ്ദേഹം എഴുതിയിരുന്ന പുസ്തകത്തിന്റെ പ്രസിദ്ധീ കരണത്തിന് സഹായം തേടിയെത്തിയ ഒരു ദ്വീപുകാരനായിരുന്നു സബീർ. ഇന്ത്യൻ നിയമങ്ങൾ സാധാരണക്കാർക്ക് മനസ്സിലാ കുന്ന വിധത്തിൽ വിശദീകരിച്ച ആ പുസ്തകം പിന്നീട് ആയിരങ്ങളായി വായനക്കാരിലെത്തി.അത് സബീറിന്റെ ആദ്യ വിജയം മാത്രമായിരുന്നു. ആ പുസ്തക രചനയിൽ തൻ്റെ സുഹൃത്ത് സഹീർ മർസൂഖും കൂടിയുണ്ടെന്ന് സബീർ പറഞ്ഞിരുന്നു.

ചെറിയ കടയിൽ നിന്ന് വലിയ കാഴ്ചപ്പാട്
അമിനിയിൽ ഒരു മുറി ലീസിന് എടുത്ത് ചെരിപ്പു കട തുടങ്ങി. ബിസിനസിന്റെ അടിസ്ഥാനമൊന്നും അറിയില്ലായിരുന്നു. പക്ഷേ പഠിക്കാൻ തയ്യാറുള്ള മനസ്സ് ഉണ്ടായിരുന്നു സബീറിന്. ചെറിയ വിജയങ്ങൾ അദ്ദേഹത്തിന്റെ ചിന്തകൾക്ക് പുതിയ ചിറകുകൾ നൽകി. ആ ചിറകുകൾ വിടർത്തി പറക്കാൻ കഴിയില്ല. ഗവൺമെൻ്റ് ജോലി എന്ന ഭാരം. പോലീസിൽ തളച്ചിടപ്പെട്ട ജീവിതം. ഒരു ലക്ഷത്തിനടുത്ത് ശമ്പളമുള്ള ഗവൺമെൻ്റ് ജോലി ഉപേക്ഷിച്ച് തൻ്റെ ബിസിനസ്സ് സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ച ആ നിമിഷം വിജയങ്ങൾ സബീറിൻ്റെ സഹയാത്രികനായി തീർന്നു. അവിടെ ഒരു വിജയി ജനിക്കുകയായിരുന്നു.
പ്രശ്നം കണ്ടു, പരിഹാരം സൃഷ്ടിച്ചു
ഗുണമേന്മയുള്ള പച്ചക്കറികളുടെ ലഭ്യത കുറവ്,നിത്യോപയോഗ സാധനങ്ങളുടെ കുറവ് “ജനങ്ങൾക്ക് വേണ്ടത് എന്താണ്?” എന്ന ചോദ്യമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്.ഫ്രഷ് പച്ചക്കറി വിതരണ സംരംഭം നാട്ടുകാർ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. ന്യായമായ ലാഭം—ജനങ്ങൾക്ക് വലിയ ആശ്വാസം. പച്ചക്കറി സംരംഭം വിജയിച്ചതോടെ പുതിയ സ്വപ്നങ്ങൾ ഉള്ളിൽ വിരിയാൻ തുടങ്ങി.
പൊൻമേനി പാർക്ക് — പരിഹസിച്ച വർക്കുള്ള മറുപടി
ദ്വീപിൽ വിനോദസൗകര്യങ്ങളുടെ കുറവ് പരിഹരിക്കാൻ ഒരു പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചു. ചിലർ പറഞ്ഞു:
“ഇത് നടക്കില്ല… നിങ്ങൾക്ക് പിരാന്താണ്…”
പക്ഷേ…
കുട്ടികൾക്ക് കളിസ്ഥലം
കുടുംബങ്ങൾക്ക് ഒത്തു ചേരാനുള്ള ഒരിടം.
വൈകുന്നേരം സുലൈമാനിക്ക് വേണ്ടിയു ള്ള ഒരു സ്പേസ്
പൊൻമേനി പാർക്ക് വൻ വിജയമായി. അത് ആരംഭിച്ച സബീറും സഹീറും അമ്മേനിയിലെ ഹീറോകളായി തീർന്നു.
സ്വപ്നങ്ങളെ പരിഹസിച്ചവർ പിന്നീട് അതിന്റെ മുന്നിൽ നിശബ്ദമായി വന്ന് ചായ കുടിച്ച് പോയി. ദ്വീപിലെ സംരംഭങ്ങളുടെ നടത്തിപ്പുകാരൻ എല്ലാ വിജയങ്ങൾക്കും കട്ടക്ക് നിന്ന സഹീറാണ്. സുഹൃത്ത് ബന്ധം കച്ചവടത്തിൽ പിരിഞ്ഞ് പോവുന്നയിടത്ത് സബീറിൻ്റെയും സഹീറിൻ്റെയും സൗഹൃദം ഒരു മാതൃകയായി എടുക്കേണ്ടതാണ്.

ഗോൽ — ഒരു സഹായത്തിൽ നിന്ന് സാമ്രാജ്യത്തിലേക്ക്
സബീർ കൊച്ചിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒരു ചെറിയ സഹായം ചെയ്ത് തുടങ്ങിയതാണ്.
ദ്വീപിലെ സുഹൃത്തുകൾക്ക് ഓൺലൈൻ സാധനങ്ങൾ വാങ്ങാൻ അഡ്രസ് ഇല്ല. സബീറിൻ്റെ കൊച്ചി വിലാസം ഉപയോഗിച്ചു വരുന്ന സാധങ്ങൾ കപ്പലിൽ അയച്ചു കൊടുത്തു.
അവിടെ നിന്നാണ് ഗോൽ ജനിച്ചത്…
ഗോൽ ലോജിസ്റ്റിക്സ്
ഇന്ന്:ലക്ഷദ്വീപിൽ 20,000+ കസ്റ്റമേഴ്സ്
കൊച്ചി, കോഴിക്കോട്, മംഗലാപുരം — ഓഫീസുകൾ
എല്ലാ ദ്വീപുകളിലും സേവനം
വീടുതോറും സുരക്ഷിതമായ ഡെലിവറി
ഒരു സഹായ മനോഭാവം, വിജയകരമായ ബിസിനസ്സ് മോഡലായി മാറുന്ന മായാജാലമായിരുന്നു കണ്ടത്.
ദ്വീപ് ജീവിതത്തിൽ വരുത്തിയ വിപ്ലവം.
ആറുമാസത്തേക്കുള്ള സാധനങ്ങൾ കരയിൽ പോയി വാങ്ങി സൂക്ഷിച്ച് ജീവിക്കുന്നവരായിരുന്നു ദ്വീപുകാർ. ഇപ്പോൾ വീട്ടിലിരുന്ന് ഓൺലൈനിൽ ബുക്ക് ചെയ്താൽ ഏത് കാലാവസ്ഥയിലും സുരക്ഷിതമായി വീട്ടിലെത്തുന്ന സംവിധാനം. ലോകത്തെവിടേക്കും കൊടുക്കാവുന്ന ഒരു അഡ്രസ്സ് ലക്ഷദ്വീപുകാരന് ഉണ്ടാക്കി എന്നതാണ് സബീറിൻ്റെ ഏറ്റവും വലിയ വിജയം.
ദ്വീപുകളെ “ഗ്ലോബൽ ഐലൻറുകളാക്കി” മാറ്റുന്നൊരു മാറ്റത്തിന് തുടക്കമാവാൻ സബീറിനും തൻ്റെ സ്ഥാപനത്തിനുമായി എന്നതാണ് എൻ്റെ സുഹൃത്ത് ദ്വീപിന് വേണ്ടി ചെയ്ത വലിയ സഹായം.

വീട് നിർമ്മാണ പിന്തുണയുമായി
ഇപ്പോൾ ഗോൽ വെഞ്ച്വർ .
കരയിൽ ഒരു വീടുവെക്കുന്നതിനെക്കാളും മൂന്നിരട്ടി ചിലവാണ് ദ്വീപിൽ വീട് നിർമ്മാണത്തിന്. സാധനങ്ങൾ കടൽ കടന്ന് നാട്ടിലെത്തുമ്പോൾ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയവും. സബീർ തൻ്റെ പദ്ധതി എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. കാരണം ഇനി ദ്വീപിലുള്ള ഗോൽ ഓഫീസുകളിൽ ചെന്ന് ക്യാറ്റലോഗ് മറിച്ച് , സെലക്റ്റ് ചെയ്ത് വേണ്ട സാധനങ്ങൾ ബുക്ക് ചെയ്താൽ ഒരു കേടുപാടും കൂടാതെ സാധനങ്ങൾ നമ്മുടെ വീട്ട് മുറ്റത്തെത്തും. ഓൺലൈനായും സാധനങ്ങൾ ബുക്ക് ചെയ്യാം. അതൊരു വമ്പൻ ഐഡിയയായി എനിക്ക് തോന്നി.
ഏറ്റവും വലിയ വിജയം — ടൂറിസം
ഇദ്ദേഹത്തിന്റെ സംരംഭങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്നത്: ഗോൽ ടൂറിസമാണ്. ലക്ഷദ്വീപിന്റെ പ്രകൃതി സൗന്ദര്യം ലോകത്തിന് തുറന്ന് കൊടുക്കുക എന്ന ആശയം വലിയ വിജയമായി. സബീർ ലക്ഷദ്വീപിൻ്റെ ചെറിയ ചുറ്റുവട്ടത്തിൽ ചിന്തിക്കാതെ ഭൂഗോളാടിസ്ഥാനത്തിൽ ചിന്തിക്കാൻ തുടങ്ങിയതോടെ ബിസിനസ്സിൻ്റെ വ്യാപ്തി ലോക നിലവാരത്തിലേക്ക് വളർന്നു. ഇന്ന് വിദേശ രാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും റിസോട്ടുകൾ, ബംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ഗോലിൻ്റെ ഓഫീസുകൾ പ്രവർത്തിക്കുന്നു. ക്രൂയിസ് കപ്പൽ കമ്പനിയുമായി ടൈയപ്പായതോടെ വലിയ വിജയങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങി. ലക്ഷദ്വീപ് ടൂറിസം മേഖലയിൽ വൻകിട കമ്പനികൾ ലാഭം കൊയ്യാൻ ഇറങ്ങിയപ്പോൾ സ്വന്തമായ ഒരു സ്ഥാപനം ഉണ്ടാക്കി ദ്വീപിലേക്ക് ആ വരുമാനത്തിൻ്റെ വാതിൽ തുറക്കാനായതാണ് ദ്വീപുകാരെ സംബന്ധിച്ച് വലിയ നേട്ടം.
ദ്വീപു യുവാക്കർക്ക് തൊഴിൽ
100-ഓളം ദ്വീപ് യുവാക്കൾക്ക് തൊഴിൽ നൽകുക എന്നതായിരുന്നു സബീറിൻ്റെ ഏറ്റവും വലിയ ആഗ്രഹം. ദ്വീപിലും വൻകരയിലും വ്യാപിച്ച് കിടക്കുന്ന ബിസിനസ്സുകളിൽ ദ്വീപുകാരായ ചെറുപ്പക്കാരാണ് കൂടുതലും ജോലി നോക്കുന്നത്. ലക്ഷദ്വീപിൽ തൊഴിൽ മേഖലയിൽ പ്രതിസന്ധി വന്നപ്പോൾ സബീർ ദ്വീപിന് കൈതാങ്ങായി മാറുകയായിരുന്നു.

ഒരു വീട്ടിലെ സാക്ഷ്യം
കവരത്തിയിലെ ഒരു വീട്ടിൽ ഞാൻ കേട്ട വാക്കുകൾ എന്നെ അമ്പരപ്പിച്ചു. ഒരു നാടകം ചെയ്യാനായി എത്തിയതായിരുന്നു ഞാൻ കവരത്തിയിൽ. സബീറിനെക്കുറിച്ച് എഴുതുന്ന വിഷയം മനസിലിട്ട് നടക്കുന്നതിനിടയിലാണ് ഈ അനുഭവം. ആ ഉമ്മയുടെ വാക്കുകൾ ഇങ്ങിനെ,
“ ആല്ലോ, ഇന്നറ്റ് ചൊല്ലിയ സാധനം ഇന്നേക്ക് ഇവിടെ എത്തിപ്പോയിട്ട്…”
മകളുടെ വിവാഹത്തിനുള്ള സാധനങ്ങൾ പെട്ടെന്ന് വീട്ടിൽ എത്തിയ അനുഭവമായിരുന്നു ആ ഉമ്മ എന്നോട് പറഞ്ഞത്. ആ ഉമ്മയുടെ മുഖത്ത് കണ്ട ആശ്വാസം തന്നെയാണ് ഗോൽ വെഞ്ച്വർ എന്ന പുതിയ സംരംഭത്തിൻ്റെ വിജയമായി ഞാൻ കാണുന്നത്.
അവസാന വാക്ക്
അമിനിയിലെ സാദാരണക്കാരനായ സബീർ തൻ്റെ ജീവിതം കൊണ്ട് നേടിയെടുത്ത ഈ വിജയം ദ്വീപുകാരായ ഏത് വ്യക്തിക്കും നേടിയെടുക്കാവുന്നതാണ്. ചിട്ടയോടെ ജീവിതത്തേയും സംരംഭത്തേയും പഠിച്ചു ദൃഢ നിശ്ചയത്തോടെ സമീപിച്ചാൽ ലക്ഷദ്വീപുകളിൽ ഇനിയും സബീർമാർ സംഭവിച്ച്കൊണ്ടിരിക്കും. അതുവഴി ലോക സമ്പത്ത് നമ്മുടെ ചെറു ദ്വീപുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കും. ദ്വീപു ചെറുതായിരിക്കാം. പക്ഷെ നമ്മുടെ സ്വപ്നങ്ങൾ കടലോളം വിശാലമായിരിക്കണം. അതിനോടൊപ്പം ദൃഡനിശ്ചയമുള്ള മനസുമുണ്ടെങ്കിൽ സർവ്വശക്തനായ അള്ളാഹു നമ്മോടൊപ്പം നിലയുറപ്പിക്കും. നമ്മുടെ ജീവിതത്തിന് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഈ കുറിപ്പ് ഇവിടെ ചുരുക്കുന്നു.
- ഇസ്മത്ത് ഹുസൈൻ

