കവരത്തി: ലക്ഷദ്വീപിൽ ഫെബ്രുവരി 25 മുതൽ എല്ലാ ബുധനാഴ്ചകളിലും “നോ വെഹിക്കിൾ ഡേ” ആയി പ്രഖ്യാപിച്ച ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി അഡ്വ. എം. ഹംദുള്ള സയ്യീദ് ജില്ലാ കലക്ടർ ഡോ. ഗിരി ശങ്കർ ഐഎഎസിന് കത്ത് നൽകി.
പരിസ്ഥിതി സംരക്ഷണവും ജനാരോഗ്യവും ലക്ഷ്യമിട്ടുള്ള തീരുമാനത്തെ അംഗീകരിക്കുന്നതായും എംപി പറഞ്ഞു. എന്നാൽ ഇതിനകം തന്നെ മലിനീകരണം കുറവുള്ള, പരിസ്ഥിതി സൗഹൃദമായ പ്രദേശമാണ് ലക്ഷദ്വീപ് എന്നിരിക്കെ ഒരുദിവസം മുഴുവൻ വാഹനങ്ങൾ നിരോധിക്കുന്നത് അനുപാതികമല്ലാത്ത നടപടിയാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കാൻ മാതാപിതാക്കൾ വാഹനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഗതാഗത സൗകര്യങ്ങൾ ഇല്ലാതാകുന്നത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് എംപി ചൂണ്ടിക്കാട്ടി. ബുധനാഴ്ചകളിൽ വിമാനങ്ങളും യാത്രക്കപ്പലുകളും ഹൈസ്പീഡ് ക്രാഫ്റ്റുകളും സ്ഥിരമായി സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർക്ക് വീടുകളിൽ നിന്ന് വിമാനത്താവളത്തിലേക്കും ജെട്ടിയിലേക്കും എത്താൻ വാഹനങ്ങൾ ആവശ്യമാണ്. ഈ നിയന്ത്രണം വയോധികർ, സ്ത്രീകൾ, കുട്ടികൾ, ഭാരമേറിയ സാധനങ്ങളുമായി യാത്ര ചെയ്യുന്നവർ എന്നിവർക്കു വലിയ അസൗകര്യമുണ്ടാക്കുമെന്നും കത്തിൽ പറയുന്നു.
ഹൃദ്രോഗികളടക്കമുള്ള ആരോഗ്യ പ്രശ്നമുള്ളവർക്ക് ദൂരദൂരം നടന്നു പോകാനോ സൈക്കിൾ ഉപയോഗിക്കാനോ കഴിയില്ല. ഇവർക്ക് ഒരുദിവസം പോലും വാഹനഗതാഗതം നിഷേധിക്കുന്നത് ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നും എംപി മുന്നറിയിപ്പ് നൽകി.
ഈ സാഹചര്യത്തിൽ “നോ വെഹിക്കിൾ ഡേ” എന്ന ഉത്തരവ് ഉടൻ പുനഃപരിശോധിക്കണമെന്നും, പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളും ദ്വീപ് നിവാസികളുടെ യാഥാർത്ഥ്യ ആവശ്യങ്ങളും ഒരുപോലെ പരിഗണിക്കുന്ന ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും എംപി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
‘നോ വെഹിക്കിൾ ഡേ’ ഉത്തരവ് പുനഃപരിശോധിക്കണം – ജില്ലാ കലക്ടറോട് എംപി ഹംദുള്ള സയ്യീദ്
