ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ സമർപ്പിച്ച പരാതിയിൽ വിശദമായ മറുപടിയുമായി ലക്ഷദ്വീപ് ഭരണകൂടം. സാമൂഹ്യപ്രവർത്തകനായ മഹദാ ഹുസൈൻ നൽകിയ പരാതിയിൽ രാഷ്‌ട്രപതിഭവന്റെ ഇടപെടലിനെ തുടർന്നാണ് ലക്ഷദ്വീപ് ഭരണകൂടം ദേശീയ സുരക്ഷയും തന്ത്രപരമായ ആവശ്യകതകളും ചൂണ്ടിക്കാട്ടി വിശദീകരണം നൽകിയത്.
രാഷ്ട്രപതിക്ക് നൽകിയ പരാതിയിൽ, ലക്ഷദ്വീപ് അഞ്ചാം പട്ടിക (Fifth Schedule) പ്രകാരം പ്രഖ്യാപിത പട്ടിക പ്രദേശമാണെന്നും, അതിനാൽ ഗ്രാമസഭയുടെ മുൻകൂർ സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കൽ ഭരണഘടനാ വിരുദ്ധമാണെന്നും ആരോപിച്ചിരുന്നു.
പഞ്ചായത്ത് (ഷെഡ്യൂൾഡ് ഏരിയാസ് എക്സ്റ്റൻഷൻ) ആക്ട് 1996 (PESA), ഭൂമി ഏറ്റെടുക്കൽ നിയമം 2013 (RFCTLARR Act) എന്നിവ ലംഘിച്ചുവെന്നും, നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST) കൂടിയാലോചന നടത്താത്തതും ഗുരുതര ഭരണഘടനാ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, നൂറുകണക്കിന് വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
ഭരണകൂടത്തിന്റെ മറുപടിയിൽ, ലക്ഷദ്വീപ് ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം പട്ടിക പ്രകാരം പ്രഖ്യാപിത പട്ടിക പ്രദേശമല്ലെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. ആഭ്യന്തര മന്ത്രാലയം 2025 ജൂൺ 6-ന് നൽകിയ കത്തിലൂടെ ലക്ഷദ്വീപ് പട്ടിക പ്രദേശമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, അതിനാൽ PESA നിയമം ലക്ഷദ്വീപിന് ബാധകമല്ലെന്നും ഭരണകൂടം വ്യക്തമാക്കി.
ലക്ഷദ്വീപ് PESA പരിധിയിൽ വരാത്തതിനാൽ, ഗ്രാമസഭയുടെ മുൻകൂർ സമ്മതം ആവശ്യമായ സാഹചര്യമില്ലെന്ന് ഭരണകൂടം അറിയിച്ചു. എന്നാൽ, ഭൂമി ഏറ്റെടുക്കൽ നിയമം 2013 പ്രകാരം സാമൂഹിക ബാധ്യതാ പഠനം (Social Impact Assessment – SIA) നടത്തുകയും പൊതുചർച്ചകളും കേൾവികളും നടത്തുമെന്നും ഭരണകൂടം വ്യക്തമാക്കി.
ബിത്ര ദ്വീപ് ദേശീയ സുരക്ഷാ കണക്കിൽ തന്ത്രപരമായ പ്രാധാന്യമുള്ള പ്രദേശമാണെന്ന് ഭരണകൂടം വ്യക്തമാക്കി. സമുദ്ര നിരീക്ഷണം, തീര സുരക്ഷ, അറബിക്കടലിലെ പ്രതിരോധ സന്നാഹങ്ങൾ എന്നിവയ്ക്കായി നിർണായകമാണെന്നും, ഇന്ത്യൻ വ്യോമസേന ദ്വീപ് പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭരണകൂടം വ്യക്തമാക്കി.
പ്രാദേശിക ജനങ്ങളുടെയും ആദിവാസി സമൂഹത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും, നിയമപരമായ നടപടികൾ പാലിച്ച്, പരമാവധി സുതാര്യത ഉറപ്പാക്കി, പൊതുചർച്ചകൾ നടത്തി, നീതിയുക്തമായ നഷ്ടപരിഹാരവും പുനരധിവാസവും നൽകി, മാത്രമേ നടപടികൾ സ്വീകരിക്കൂ എന്നും ഭരണകൂടം വ്യക്തമാക്കി.
നിയമപരമായ നടപടികൾ പാലിക്കാതെ ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം നൽകിയ മറുപടിയിൽ ഉറപ്പുനൽകി.
ഭൂമി ഏറ്റെടുക്കൽ വിവാദം ലക്ഷദ്വീപിന്റെ ഭരണഘടനാ പദവി സംബന്ധിച്ച ചർച്ച വീണ്ടും ഉയർന്നിരിക്കുകയാണ്.
ലക്ഷദ്വീപിൽ Scheduled Tribe ജനസംഖ്യ കൂടുതലാണെന്നും, അഞ്ചാം പട്ടിക പ്രകാരമുള്ള Scheduled Area ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രെഷന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വാദം തെറ്റാണെന്നും ഈ മറുപടി തൃപ്തികരമല്ലെന്നും ഈ വിഷയവുമായി വീണ്ടും രാഷ്ട്രപതിയെ സമീപിക്കുമെന്നും മഹദാ ഹുസൈൻ ദ്വീപ് ഡയറിയോട് വ്യക്തമാക്കി.
ബിത്ര ദ്വീപ് ഏറ്റെടുക്കൽ: വിവാദങ്ങൾക്ക് വിശദീകരണം നൽകി ഭരണകൂടം
