- – ഫാത്തിമ ഖുറൈശാ
കടലിന്റെ മക്കൾക്ക് കപ്പൽ യാത്രയെന്നാൽ സാഹസികതയല്ല, അത് ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ജനുവരി 30-ന് കവരത്തിയിൽ നിന്നും ചേത്ത്ലാത്തിലേക്ക് എം.വി.പരളിയിൽ നടത്തിയ യാത്ര എന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അനുഭവമായി മാറി.
കഴിഞ്ഞ രണ്ട് ദിവസമായി കടൽ പ്രക്ഷുബ്ധമായിരുന്നു. സ്കിപ്പ് ജാക്ക് പോലുള്ള ചെറിയ വെസ്സലുകൾ റദ്ദാക്കപ്പെട്ടതോടെ എന്നെപ്പോലെ നൂറുകണക്കിന് യാത്രക്കാർ കവരത്തിയിൽ കുടുങ്ങി. ഒടുവിൽ ഞങ്ങളുടെ നിരന്തരമായ അഭ്യർത്ഥനകൾക്കൊടുവിലാണ് എം.വി.പ രളി അനുവദിക്കപ്പെട്ടത്. സുബ്ഹി ബാങ്കിന് മുൻപേ, ഇരുട്ടത്ത് കാഴ്ചയില്ലാത്ത എന്റെ പ്രിയപ്പെട്ട ബാപ്പയെയും കൂട്ടി ഞാൻ ജെട്ടിയിലെത്തി. കവാടത്തിലെ പോലീസുകാർ വലിയ മാന്യതയോടെ ബാപ്പയെ പരിഗണിക്കുകയും ഞങ്ങളെ കടത്തിവിടുകയും ചെയ്തു. അവിടെ ഞങ്ങൾ സുരക്ഷിതരാണെന്ന് കരുതി. പക്ഷേ, വെസ്സലിനുള്ളിൽ ഞങ്ങളെ കാത്തിരുന്നത് മറ്റൊരു ലോകമായിരുന്നു.
അകത്ത് കയറിയപ്പോൾ കണ്ടത് മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രൂ അംഗങ്ങളെയാണ്. കാഴ്ചയില്ലാത്ത ബാപ്പയും, കണ്ണിന് ഓപ്പറേഷൻ കഴിഞ്ഞ മറ്റൊരു ഉമ്മയും, കാലിന് പരിക്കേറ്റ കുഞ്ഞും ആ കോണിപ്പടിയിൽ സഹായത്തിനായി കൈനീട്ടിയപ്പോൾ, അടുത്തുനിന്ന ജീവനക്കാർ ഒരു കല്ലുപോലെ നോക്കി നിൽക്കുകയായിരുന്നു. ആരെയും സഹായിക്കാൻ അവർക്ക് താല്പര്യമില്ലായിരുന്നു. ലഗേജ് റൂമിൽ സാധനങ്ങൾ അടുക്കി വെക്കാൻ പോലും ഞങ്ങൾ തന്നെ കഷ്ടപ്പെടേണ്ടി വന്നു.
അതിനിടയിലാണ് വെസ്സലിലെ മൈക്കിലൂടെയുള്ള അനൗൺസ്‌മെന്റ് മുഴങ്ങുന്നത്: “ടിക്കറ്റില്ലാത്തവർ യാത്ര ചെയ്യാൻ പാടില്ല.” അത് കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു. ടിക്കറ്റില്ലാത്തതിന്റെ പേരിൽ ഇതേ ബാപ്പയെയും കൊണ്ട് അഞ്ചു തവണ എനിക്ക് കവരത്തിയിൽ നിന്ന് മടങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ നിയമമൊന്നും അവിടെ ഉണ്ടായിരുന്ന എട്ടോളം പെർമിറ്റ് ഹോൾഡേഴ്സിന് ബാധകമായിരുന്നില്ല! അവരെ മാത്രം നിലത്തിരുത്തി കൊണ്ടുപോകാമെന്ന് സമ്മതിച്ച ജീവനക്കാരുടെ ‘സൗഹൃദം’ ആർക്ക് വേണ്ടിയുള്ളതായിരുന്നു?
യാത്രയുടെ അവസാനം അതിലും ഭീകരമായിരുന്നു. ചേത്ത്ലാത്ത് പുറംകടലിൽ വെച്ച് ബോട്ടുകളിലേക്ക് യാത്രക്കാരെ മാറ്റിയപ്പോൾ കണ്ടത് മരണക്കളിയായിരുന്നു. അനുവദനീയമായതിലും അധികം ആളുകളെയും ലഗേജുകളെയും ബോട്ടിൽ കുത്തിനിറച്ചു. “കടൽ നല്ല ഇളക്കത്തിലാണ്, അപകടം വല്ലതും സംഭവിച്ചാൽ ആര് സമാധാനം പറയും?” എന്ന് ബോട്ട് ക്രൂ ഭയത്തോടെ ചോദിച്ചപ്പോഴും, മുകളിൽ നിന്ന് അത് വെറുമൊരു കാഴ്ചയായി കണ്ട് രസിക്കുകയായിരുന്നു വെസ്സലിലെ ഉദ്യോഗസ്ഥർ.
യാത്രക്കാരുടെ സൗകര്യങ്ങളേക്കാൾ സ്വന്തം താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഇത്തരം ജീവനക്കാർ ദ്വീപിന് തന്നെ അപമാനമാണ്. ലക്ഷദ്വീപ് ഭരണകൂടം ഈ വിഷയത്തിൽ മൗനം പാലിക്കരുത്. സാധാരണക്കാരായ ഞങ്ങളുടെ ജീവനും അന്തസ്സും പണയം വെക്കാൻ ഇനി ഞങ്ങൾ തയ്യാറല്ല.
