കടമത്ത് വൻ ലഹരിവേട്ട: വീട്ടിൽ സൂക്ഷിച്ച മദ്യം പിടികൂടി; വിൽപന നടത്തിയത് വൻ വിലയ്ക്ക്


കടമത്ത്: ലക്ഷദ്വീപ് പോലീസ് കടമത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. കടമത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ശ്രീ. അജ്മലിൻ്റെ ഉദ്യോഗസ്ഥ സംഘമാണ് രഹസ്യനീക്കത്തിലൂടെ പ്രതിയെ വലയിലാക്കിയത്.

പോലീസിൻ്റെ തന്ത്രപരമായ നീക്കം

ദ്വീപിൽ രഹസ്യമായി മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് പ്രത്യേക നിരീക്ഷണം നടത്തിവരികയായിരുന്നു. ഒടുവിൽ കസ്റ്റമർ എന്ന വ്യാജേന ഒരാളെ മദ്യം വാങ്ങാനായി പോലീസ് തന്നെ ഏർപ്പാടാക്കി. ഇയാൾ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഒളിഞ്ഞിരിക്കുകയും, മദ്യം കൈമാറുന്നതിനിടെ പ്രതിയെ വീട്ടിനുള്ളിൽ കയ്യോടെ പിടികൂടുകയുമായിരുന്നു.

90 രൂപയുടെ മദ്യം 1000 രൂപയ്ക്ക്!

കരയിൽ വെറും 90 രൂപയ്ക്ക് ലഭിക്കുന്ന മദ്യം ദ്വീപിലെത്തിച്ച് 1000 രൂപ വിൽപന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. വലിയ ലാഭം ലക്ഷ്യമിട്ടാണ് പ്രതികൾ ഈ നിയമവിരുദ്ധ പ്രവർത്തനം നടത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ സജീവമാക്കിയിരിക്കുകയാണ്.

അഭിനന്ദന പ്രവാഹം
ലഹരിക്കെതിരെയുള്ള പോലീസിൻ്റെ ഈ കർശന നടപടിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. പ്രവർത്തനത്തിന് നേതൃത്വം നൽകിയ SHO അജ്മൽ സാറിനും പോലീസ് സംഘത്തിനും, ഈ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകിയ ബി.ഡി.ഒ (BDO) കദീശബി മാഡത്തിനും , ധീരമായി സാക്ഷി പറയാൻ മുന്നോട്ടുവന്ന അൻസാർ നല്ലാലയ്ക്കും നാട്ടുകാർ അഭിനന്ദനങ്ങൾ അറിയിച്ചു.