ജൂനിയർ എഞ്ചിനീയർ പി.പി. മുഹമ്മദ് കാസിം ഉബൈദുള്ളയെ സർവീസിൽ നിന്ന് പുറത്താക്കി

കവരത്തി: ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പിൽ (LPWD) ജൂനിയർ എഞ്ചിനീയറായി പ്രവർത്തിച്ചിരുന്ന പി.പി. മുഹമ്മദ് കാസിം ഉബൈദുള്ളയെ ഗുരുതര അച്ചടക്കലംഘനക്കേസിൽ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടു.

ചെത്ലത്ത് ദ്വീപിൽ 2006 ആഗസ്റ്റ് 25 മുതൽ 2008 മെയ് 3 വരെ ടെക്‌നിക്കൽ ഓഫീസറായും എൽബിഡിബിയുടെ (Lakshadweep Buildings Development Board) ചുമതല വഹിച്ചിരിക്കെ, ഗ്രാനൈറ്റ് ചിപ്സും നദിമണലും ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ അശ്രദ്ധയോടെയും തെറ്റായ രീതിയിലും കൈകാര്യം ചെയ്‌തതിലൂടെ സർക്കാർക്ക് ₹2,68,227.30 രൂപയുടെ നഷ്ടം ഉണ്ടാക്കി എന്നു കാണിച്ചാണ് നടപടി.

1965 ലെ CCS (CCA) റൂൾസ് പ്രകാരം 2014-ൽ ആരംഭിച്ച വകുപ്പുതല അന്വേഷണത്തിൽ, ആദ്യം അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന നിലപാടിലെത്തിയിരുന്നെങ്കിലും, അച്ചടക്ക അതോറിറ്റി ഇത് അംഗീകരിച്ചില്ല. അന്വേഷണ റിപ്പോർട്ടും രേഖകളും പുനഃപരിശോധിച്ച ശേഷം, അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളോട് അച്ചടക്ക അതോറിറ്റി വ്യക്തമായ അസമ്മതി രേഖപ്പെടുത്തി.

തുടർന്ന് നൽകിയ അവസരത്തിൽ മുഹമ്മദ് കാസിം ഉബൈദുള്ള സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ ഭരണകൂടം, ആർട്ടിക്കിൾ-1 പ്രകാരമുള്ള കുറ്റം തെളിഞ്ഞതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, CCS (CCA) റൂൾസ് 1965-ലെ റൂൾ 12 പ്രകാരം, ഭാവിയിൽ സർക്കാർ ജോലി ലഭിക്കാനുള്ള അർഹതയും നഷ്ടപ്പെടുന്ന വിധത്തിലുള്ള “dismissal from service” എന്ന മേജർ പെനാൽറ്റി മുഹമ്മദ് കാസിം ഉബൈദുള്ളക്കെതിരെ വിധിച്ചു. ഉത്തരവിൽ സെക്രട്ടറി (വർക്ക്സ്) രാഹുൽ സിംഗ്, IAS ഒപ്പുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *