ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ചാമ്പ്യന്മാരായി ആന്ത്രോത്ത്

കിൽത്താൻ: ലക്ഷദ്വീപിലെ ഏറ്റവും വലിയ  കായികമേളയായ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൻ്റെ 34-ാം മേള വിജയകരമായി സമാപിച്ചു. ആവേശഭരിതമായ മത്സരം നിറഞ്ഞ ദിവസങ്ങൾക്ക് വിരാമമിട്ട് ആന്ത്രോത്ത് ദ്വീപ് പതിവ് പോലെ ഈ വർഷത്തെ കിരീടവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം അമിനിയും, മൂന്നാം സ്ഥാനം അഗത്തിയും കരസ്ഥമാക്കി.

സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സയീദ് പങ്കെടുത്തു. വിവിധ ഇനങ്ങളിലായി മികവ് തെളിയിച്ച താരങ്ങൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു. നൂതനമായ സംഘാടക മികവും സമൂഹമാധ്യമങ്ങളിലൂടെയുള്ള സാങ്കേതിക തിളക്കവും കൊണ്ടു തന്നെ കിൽത്താൻ LSG ഈ വർഷം കായികചരിത്രത്തിൽ ഇടം പിടിച്ചു. മത്സരങ്ങൾ മുതൽ അപ്ഡേറ്റുകൾ വരെ സർഗാത്മക രീതിയിൽ അവതരിപ്പിച്ച സംഘാടകസംഘത്തിന്റെ പരിശ്രമം പങ്കെടുത്തവരുടെയും പ്രേക്ഷകരുടെയും ഹൃദയം കീഴടക്കി.

LSG ചരിത്രത്തിലെ ആദ്യമായി രാത്രിയിൽ നീന്തൽ മത്സരങ്ങൾ വിജയകരമായി നടത്തിയത് ഈ ഗെയിംസിന് ഏറ്റവും വലിയ ആകർഷണമായിരുന്നു. പ്രകാശം നിറഞ്ഞ ബില്ലത്തിൽ നടന്ന മത്സരം പ്രേക്ഷകർക്ക് ഒരു പുതുമയുള്ള അനുഭവമായി. വിവിധ ഇനങ്ങളിൽ ഈ വർഷം നിരവധി പുതിയ റെക്കോർഡുകൾ പിറന്നു.

ഈ വർഷത്തെ സംഘാടക വിജയത്തിന് പിന്നിൽ നിന്ന അധ്യാപകർ, വോളണ്ടിയർമാർ, ടെക്നിക്കൽ ടീമുകൾ എന്നിവർക്ക് പ്രത്യേക നന്ദിയും അഭിനന്ദനവും അർപ്പിച്ചു. കിൽത്താൻ ഉയർത്തിയ നിലവാരം മറികടക്കുക അടുത്ത ഗെയിംസിന് ആതിഥേയത്വം ഏറ്റെടുക്കുന്ന ദ്വീപിന് ഒരു വെല്ലുവിളിയാണെന്നാണ് കായികപ്രേമികളുടെ അഭിപ്രായം.