ചെത്ത്ലാത്തിൽ കപ്പൽ വൈകിയത് കെടുകാര്യസ്ഥതയുടെ ഫലമെന്ന് യാത്രക്കാർ

ചെത്ത്ലാത്ത്: കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം 200-ൽ അധികം യാത്രക്കാരെ കയറ്റിയ MV Arabian Sea കപ്പൽ ചെത്ത്‌ലാത്ത് ദ്വീപിൻ്റെ തീരത്ത് നങ്കൂരമിടേണ്ടി വന്നു. കപ്പലിൽ രണ്ട് ഗുരുതര രോഗികളെയും, നിരവധി പ്രായമായവരെയും, വിദ്യാർത്ഥികളെയും, ജോലി ചെയ്യുന്നവരെയും ഉൾപ്പെടെ യാത്രക്കാരുണ്ട്.

കപ്പൽ ഇന്നലെ ഉച്ചയ്ക്ക് 1:30-ന് ചെത്ത്‌ലാത്ത് എത്തിയെങ്കിലും, ക്രെയിൻ ഓപ്പറേറ്റർ വൈകി എത്തിയതിനെ തുടർന്ന് കാർഗോ അൺലോഡിംഗ് ഏറെ വൈകി തുടങ്ങി. ആകെ 900 കാർഗോ ആയതിൽ വെറും 150-ൽ താഴെ മാത്രമാണ് ഇറക്കാനായത്. വൈകിയും വളരെ മന്ദഗതിയിലുമായാണ് പ്രവർത്തനം നടന്നത്. വെൽഫെയർ ഓഫീസറും ക്യാപ്റ്റനും ആവശ്യപ്പെട്ടിട്ടും രണ്ടു തോണി ഉപയോഗിച്ച് ചങ്ങാടം കെട്ടി ഇറക്കാനുള്ള നിർദേശം അൺലോഡിംഗ് ടീം അവഗണിച്ചു.

വൈകിട്ട് 6 മണിക്ക് ശേഷം ജോലി നിർത്തുമെന്ന് നേരത്തെ പറഞ്ഞതുപോലെ ടീം അൺലോഡിംഗ് പൂർത്തിയാക്കാതെ സ്ഥലം വിട്ടു. ഇതോടെ രോഗികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ കപ്പലിനകത്ത് ബുദ്ധിമുട്ട് നേരിടേണ്ടിവന്നു.

യാത്രക്കാർ പറയുന്നത് പ്രകാരം, അൺലോഡിംഗ് ടീമിനൊപ്പം പോർട്ട് ഡിപ്പാർട്മെന്റിൻ്റെ അനാസ്ഥയും ഈ പ്രതിസന്ധിക്ക് കാരണമായി. പാസഞ്ചേഴ്സ് ന്റെ ക്ഷേമം പരിഗണിക്കാതെ, തെറ്റ് മറച്ചുവെച്ച് അൺലോഡിംഗ് ടീമിന് ഒത്താശ ചെയ്യുകയായിരുന്നു പോർട്ട് ഇൻചാർജിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമീപനം.

സംഭവത്തിൽ പൊറുതി മുട്ടിയ യാത്രക്കാർ അൺലോഡിംഗ് ടീത്തിനും പോർട്ട് ഇൻചാർജിനും എതിരായി എഴുത്തുപരാതി സമർപ്പിച്ചു. കിൽത്താൻ–ചെത്ത്ലാത്ത് റൂട്ടിൽ കപ്പൽ ഡിലേ ആവുന്നത് പതിവായെന്നതും യാത്രക്കാർ ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള പരാതികൾക്ക് മറുപടിയായി കാർഗോ അലോട്ട്മെന്റ് കുറയ്ക്കുന്നതാണ് പതിവ് നടപടിയെന്നും, അതിനാൽ ഈ ദ്വീപുകളിലെ വ്യാപാരികളും നാട്ടുകാരും തന്നെ അവസാനമായി ബാധിക്കപ്പെടുന്നുവെന്നും അവർ ആരോപിച്ചു.

കിഴക്കൻ ഭാഗത്ത് ജെട്ടി നിർമ്മാണം വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, അത് യാഥാർത്ഥ്യമാകുന്നത് വരെ പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചാൽ യാത്രകളും ചരക്കുനീക്കങ്ങളും എളുപ്പമാക്കാമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.