അമിനിയിൽ നമോ യുവ റൺ മാരത്തോൺ സംഘടിപ്പിച്ചു

അമിനി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സേവാ പഖ്‌വാഡ പ്രവർത്തനങ്ങളിലൊന്നായ “ലഹരി മുക്ത ഭാരതം” എന്ന ആശയം മുന്നോട്ടുവെച്ച്, രാജ്യത്തെ 75 തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നടക്കുന്ന നമോ യുവ റൺ മാരത്തോൺ അമിനിയിലും ജനപങ്കാളിത്തത്തോടെ നടത്തി.

2025 സെപ്റ്റംബർ 21-ന് നടന്ന മാരത്തോൺ, ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ്  കെ.എൻ. കാസിമിക്കോയ ഉദ്ഘാടനം ചെയ്തു. അമിനിയിൽ പരിപാടി സംഘടിപ്പിച്ചത് അത്ലറ്റിക് അസോസിയേഷനും അമിനി ക്രിക്കറ്റ് അസോസിയേഷനും ചേർന്നാണ്. ലക്ഷദ്വീപ് തലത്തിൽ യുവമോർച്ച പ്രഭാരി അഡ്വ. മുഹമ്മദ് സാലിഹ് പി.എം മേൽനോട്ടം വഹിച്ചു.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹായത്തോടെ മത്സരാർത്ഥികൾക്കായി ടി-ഷർട്ടുകൾ വിതരണം ചെയ്തു. പരിപാടിയുടെ അംബാസഡർമാരായി അമിനിയുടെ അഭിമാന താരങ്ങളായ അബ്ദുൽ ഫത്തഹ്, ഹനീന ബീഗം എന്നിവരെ തിരഞ്ഞെടുത്തു. ഹനീന ബീഗം മാരത്തോൺ മത്സരാർത്ഥികളോട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അമിനി പടിഞ്ഞാറൻ ജെട്ടി പരിസരത്ത് നിന്ന് ആരംഭിച്ച മാരത്തോൺ, വടക്ക് ബീച്ച് റോഡും ഹെലിപാഡും വഴി 3 കിലോമീറ്റർ ദൂരം ഓടി, പടിഞ്ഞാറൻ ജെട്ടിയിൽ സമാപിച്ചു. ഫ്ലാഗ് ഓഫ് ചെയ്തത് അമിനി കോടതി ജഡ്ജ് ഡൊണാൾഡ് സെക്വറയും ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് (നോർത്ത് സോൺ) ജിതേന്ദ്ര പട്ടേൽ ഐപിഎസ് ഉം ചേർന്നാണ്.

മാരത്തോണിൽ നിസാം അമിനി ഒന്നാം സ്ഥാനത്തെത്തി. 62 വയസ്സുള്ള കെ.സി. അബൂബക്കർ തന്റെ പ്രായം വകവെയ്ക്കാതെ 3 കിലോമീറ്റർ വിജയകരമായി പൂർത്തിയാക്കിയ പ്രകടനം ശ്രദ്ധേയമായി. വിജയികൾക്ക് ക്യാഷ് പ്രൈസ് സമ്മാനിച്ചു.

പരിപാടിയിൽ അമിനി ബിജെപി ഡിസ്ട്രിക്ട് പ്രസിഡന്റ്  ടി.പി. ഖാലിദ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ പി.വി. ഖാലിദ് ഉൾപ്പെടെ നിരവധി ബിജെപി നേതാക്കളും പൗരപ്രമുഖരും പങ്കെടുത്തു. പരിപാടി വിജയകരമാക്കുന്നതിൽ സഹകരിച്ച അമിനി ഷഹീദ് ജവാൻ മുത്തുകോയ മെമ്മോറിയൽ സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ, കായിക അദ്ധ്യാപകർ, അത്ലറ്റിക് കോച്ച് ഹാഷിം, ഫയർ ആൻഡ് റെസ്ക്യൂ അമിനി, അമിനി ആശുപത്രി സ്റ്റാഫ് എന്നിവർക്ക് സംഘാടകർ പ്രത്യേക നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *