ജനദ്രോഹ നയങ്ങൾക്കെതിരെ ചെത്ത്ലാത്തിൽ ജന്തർ മന്തർ ബഹുജന പ്രതിഷേധം

ചെത്ത്ലാത്ത്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളെ അണിനിരത്തി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ജന്തർ മന്തർ ബഹുജന പ്രതിഷേധം ചെത്ത്ലാത്തിൽ ശ്രദ്ധേയമായി. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ, മഹിളാ കോൺഗ്രസ്, സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ, സി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും പ്രതിനിധികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൊണ്ടുവരുന്ന ജനവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും ജനങ്ങളെ ബാധിക്കുന്ന നിയമനിർമാണങ്ങൾക്ക് മുമ്പ് ജനങ്ങളുമായി കൂടിയാലോചന നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജനങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ അടിച്ചേൽപ്പിക്കുന്ന നിയമങ്ങളെ ലക്ഷദ്വീപ് ജനത ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ദ്വീപിൽ ശക്തമായ ജനകീയ മുന്നേറ്റം രൂപപ്പെടുത്തുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഒരുമിച്ച് പങ്കെടുത്തത് പ്രതിഷേധത്തിന് രാഷ്ട്രീയ പ്രാധാന്യവും നൽകി.

അതേസമയം, ഭരണകൂടത്തിനെതിരായ ഈ പ്രതിഷേധത്തിൽ എൻ.സി.പി.എസ് പങ്കെടുത്തില്ല.

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബൂബക്കർ, സാമൂഹിക പ്രവർത്തക ആയിഷ സുൽത്താന, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എം. അലി അക്ബർ, സി.പി.ഐ.എം പ്രതിനിധി സൈനുൽ ആബിദ്, സി.ജെ.പി പ്രതിനിധി റഹ്മാൻ, മഹിളാ കോൺഗ്രസ് സെക്രട്ടറി റഹ്മത്ത് ബി. എന്നിവർ പ്രതിഷേധത്തിൽ പ്രസംഗിച്ചു.

ജനങ്ങളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി ദ്വീപിൽ കൂടുതൽ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *