ലക്ട്ടർ മാമ്മാ



ഇസ്മത്ത് ഹുസൈൻ.

    എൻ്റെ വീടിൻ്റെ തൊട്ട് ഒരു ചെറിയ ഓടിട്ട വീടുണ്ട്. അതാണ് ഡോക്ടർ മാമാൻ്റെ പ്രൈവെറ്റ് ക്ലിനിക്ക്. ഏത് സമയത്തും മാമ്മാ അവിടെ ഉണ്ടാവും. സാധാരണക്കാരായ പലരും അവിടെ വരികയും ചികിൽസ കഴിഞ്ഞ് ആശ്വാസത്തോടെ തിരികെ പോവുന്നതും കാണാം. മാമ്മാ കിളുത്തൻ കാരുടെ സ്വന്തം ഡോക്ടറായിരുന്നു. കിൽത്താൻ ദ്വീപിന് വേണ്ടി പ്രത്യേകം പടച്ചിറക്കിയ മനുഷ്യ രൂപമാണ് ഡോക്ടറിൻ്റേത്. ഏത് നേരത്ത് ചെന്ന് കതകിൽ മുട്ടിയാലും ആ വാതിൽ തുറക്കപ്പെടും. പരിശോധനക്ക് ശേഷം വേണ്ട മരുന്നും സമാധനമുള്ള വർത്തമാനവും പറഞ്ഞ് യാത്രയാക്കും.
    ലക്ട്ടർ മാമ്മാ മരുന്ന് കൊടുത്ത് രോഗം ശിഫയാക്കിയല്ല മനുഷ്യരുടെ മനസിൽ കയറിയത്. സ്നേഹം കൊണ്ടാണ് അയാൾ ചികിൽസിച്ചത്. അദ്ദേഹത്തിൻ്റെ ഒരു വാക്ക് മതിയായിരുന്നു പലർക്കും രോഗം ശിഫയാകാൻ. ആദ്യ കാലത്ത് മങ്കടയിലും കൊളത്തൂർ എന്ന കൂർപ്പത്താലിലുമായിരുന്നു പ്രാക്റ്റീസ് ചെയ്തിരുന്നത്.  ഞാൻ കരയിൽ പഠിക്കുന്ന കാലമായതിനാൽ കോഴിക്കോട് ഭാഗത്തേക്ക് വന്നാൽ എൻ്റെ ഇടത്താവളമായിരുന്നു മാമ്മാൻ്റെ വീട്. എൻ്റെ മൂത്തുമ്മാൻ്റെ മകളായ കോയബിയാണ് മാമ്മാൻ്റെ ഭാര്യ. അവരുടെ കൈപ്പുണ്യമുള്ള ഭക്ഷണ വിഭവങ്ങളായിരുന്നു. അങ്ങോട്ടുള്ള യാത്രക്ക് ഹൈലേറ്റ്. ഒരു ദിവസം നല്ല ഉറക്കത്തിലായിരിക്കുമ്പോൾ പുറത്തെ വാതിലിൽ തുടരെ തുടരെ മുട്ട് കേട്ടാണ് ഉണർന്നത്. നല്ല കനത്ത മഴയായിരുന്നു പുറത്ത്. ഞാൻ പുറത്തേക്കിറങ്ങി. ഒരു കൈക്കുഞ്ഞിനേയും കൈയ്യിൽ പിടിച്ച് ഒരു കർഷക കുടുംബം നിൽക്കുന്നു.
     “ ഡോക്ടർ “
    അപ്പോഴേക്കും എന്താ എന്തുപറ്റി എന്ന് ചോദിച്ച് കൊണ്ട് മാമ്മാ അകത്ത് നിന്നും ഇറങ്ങി വന്നു.
    കുട്ടിയെ വാങ്ങി തൻ്റെ ട്രീറ്റ്മെൻ്റ് കട്ടിലിലേക്ക് കിടത്തി. പരിശോധിച്ചു. നെഞ്ചിലമർത്തി. കുട്ടി ഏങ്ങി ശ്വാസമെടുത്തു. ഉറക്കെ കരയാൻ തുടങ്ങി. ചേറ് പുരണ്ട ആ കുടുംബത്തെ കണ്ടാലറിയാം. ദാരിദ്ര്യത്തിൻ്റെ ഏതോ പാടവരമ്പിൽ നിന്നാണ് വരുന്നതെന്ന്. ആ കുട്ടിയുടെ അച്ഛൻ തൻ്റെ ട്രൗസറിൻ്റെ പോക്കറ്റിൽ നിന്നും ചുരുട്ടിയ നോട്ടുകൾ എടുത്ത് മാമ്മാൻ്റെ മേശപ്പുറത്ത് വെച്ചു. അയാളുടെ കണ്ണുകളിൽ കൃതഞ്ജതയുടെ നനവ്.
       മാമ്മാ ആ ക്യാഷ് ചുരുളുകൾ പെറുക്കിക്കുട്ടി അയാളുടെ കൈകളിൽ തന്നെ തിരികെ ഏൽപ്പിച്ചു. അയാൾ അത് തിരിച്ചേൽപ്പിക്കാൻ കുറേ പാട്പ്പെട്ടു.
      “ ഇത് കൊണ്ട് മകന് കുറച്ച് ഫ്രൂട്ട്സ് വാങ്ങി കൊടുക്കു. “
      അയാൾ നന്ദിയോടെ തിരികെ പോയി. ഇങ്ങിനെ എത്ര എത്ര അനുഭവങ്ങൾ മാമ്മാൻ്റെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ടാവും. ഞങ്ങൾ കോക്ക ഫുളുക്കിയാറ്റിൽ ഒരു മീറ്റിംങ്ങിന് എത്തിയപ്പോയാണ് മാമ്മാൻ്റെ വിയോഗ വാർത്ത അറിയുന്നത്. ഞങ്ങൾ മീറ്റിംങ്ങ് ക്യാൻസലാക്കി, ഞാൻ നേരെ വീട്ടിലേക്ക് പോയി. എൻ്റെ തറവാട് വീടായ നെടുന്തിരുവിലാണല്ലോ മാമ്മാൻ്റെ വീട്. ഞാൻ അവിടെ എത്തുമ്പോഴേക്കും വിവരമറിഞ്ഞ് ആളുകൾ എത്തി തുടങ്ങിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ നിന്നും ജനാസ കൊണ്ടുവന്നു. മയ്യിത്ത് മാമ്മൻ്റെ ചികിൽസാ റൂമിൽ തന്നെ കിടത്തി. അപ്പോഴേക്കും വീടിൻ്റെ മുറ്റം ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. ഖാളി മമ്പംകോയ ഖബറടക്കം രാവിലേക്ക് പ്രഖ്യാപിച്ചു.
       ഞനെപ്പോഴും മാമ്മാനെ ശ്രദ്ധിക്കാറുണ്ടായിരുന്നു. നാട്ടിലെ എല്ലാ വിഭാഗത്തിലുമുളള ആളുകളും മാമ്മാൻ്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരോടെല്ലാം നിഷ്‌കളങ്കതയോടെ ഇടപ്പെടുന്നതിനാൽ ആവണം അവരുടെ സ്വന്തം ഒരാളെ പോലെ അവർക്കെല്ലാം തോന്നീട്ടുണ്ടാവണം.
     തൻ്റെ രോഗങ്ങളെല്ലാം മറക്കുകയും മറ്റുള്ളവരുടെ രോഗ ക്ഷമനത്തിന് വേണ്ടി പ്രതിവിധിയുമായി ഓടി നടന്ന ഒരു മനുഷ്യൻ. എഴുതുന്നതിനെക്കുറിച്ചൊക്കെ ചോദിക്കും.
    “ ഇള്തോണ്ടും, നമ്മാ നാടും ചുറ്റുപാടും എല്ലം ഇളിത്തിൽ ബരോണ്ടും.’
   കിളിച്ചോട ജലീൽക്ക് അലർജിയായി പാതിരാത്രി മാമ്മാനെ കാണാൻ പോയപ്പോൾ , ഞാൻ ചോദിച്ചു.
     “ ഇന്നറ്റ് ഹോസ്പിറ്റലിൽ കണ്ടേലാഞ്ഞ “
    “ നാം എത്ര ദിവസം ആയിപ്പുവ്വ, കിടന്നിനിയാഞ്ഞ “
    കിളുത്തംകാർക്ക് ജലദോശം വന്നാലും പേച്ചാൻ കുത്തിയാലും തേൾ കടിച്ചാലും ക്യാൻസർ വന്നാലും ആശ്വാസമേകാൻ ഒരേ ഒരു മാമ്മാ ലക്ടറാഞ്ഞ ഉള്ളത്. എത്ര കഴിവുള്ള ഡോക്ടർ വന്നാലും നങ്ങള മാമ്മാ ലക്ടർ കഴിഞ്ഞേ മറ്റൊരാളുള്ളൂ.
     ഇനി നങ്ങ എന്ന് ശീയും.
     ഹുജ്റാ പള്ളി കുളത്തിന് കരയിൽ മാമ്മാൻ്റെ ഖബറിന് മുകളിൽ കെട്ടിയ ഓത്ത് പുരയിൽ, തിമിർത്ത് പെയ്യുന്ന മഴയത്ത് ഞാനിങ്ങനെ ഇരിക്കുകയാണ്. മാമ്മാ എന്ന ശാന്തനായ മനുഷ്യൻ നടന്ന കുന്നാംമ്പള്ളിയുടെ പച്ചപ്പിൽ, ആ ചക്ക മരത്തിന് താഴെ കൂടിയുള്ള ഇട വഴിയിലൂടെ മാമ്മാ നടന്ന് വരുന്നത് പോലെ.
       ശൂന്യമായ ഹുജ്റാ കുന്നിലൂടെ ഞാൻ കീളാവായിക്ക് നടന്നു. തുലാമാസ കുണക്കേട് ബടക്കേ കീളിന്ന് മിന്നി പൊട്ടി. ഒരു ദുഃഖത്തിൻ്റെ പെയ്യൊഴിയാത്ത മനസുമായി ഞാൻ കീളാവായിക്ക് തന്നെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *