അമിനി: അമിനി ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുക്കില്ലെന്ന നിലപാട് വ്യക്തമാക്കി എൻ.സി.പി.എസ്.പി അമിനി യൂണിറ്റ് പ്രസിഡന്റ് പൂക്കുഞ്ഞി പാറ്റാക്കാട. പാർട്ടി പ്രവർത്തകർക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ശബ്ദസന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒക്ടോബർ 22-ന് അമിനി ബ്ലോക്ക് കോൺഗ്രസിലെ ഏഴ് നേതാക്കൾ തന്റെ വീട്ടിലെത്തി പ്രക്ഷോഭത്തിൽ എൻ.സി.പി.എസ്.പി പങ്കാളിയാകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം ശബ്ദസന്ദേശത്തിൽ പറഞ്ഞു. തുടർന്ന് പാർട്ടി നേതാക്കളുമായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായും കൂടിയാലോചിച്ച ശേഷമാണ് നിലപാട് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലോക്ക് കോൺഗ്രസിന്റെ പേരിൽ അനുമതി തേടിയ പരിപാടിയെ ജനകീയ പ്രക്ഷോഭമായി അവതരിപ്പിക്കുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ലെന്നും ഇത്തരമൊരു സമരം സംഘടിപ്പിക്കുന്നതിന് മുമ്പ് പാർട്ടിയുമായി കൂടിയാലോചിക്കേണ്ടതായിരുന്നുവെന്നും പൂക്കുഞ്ഞി പാറ്റാക്കാട പറഞ്ഞു.
അതേസമയം, ലക്ഷദ്വീപ് എം.പി.യുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുകയാണെങ്കിൽ പാർട്ടി പിന്തുണയുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ് ഇതിന് അടിസ്ഥാനമെന്നും ശബ്ദസന്ദേശത്തിൽ വിശദീകരിച്ചു.
ഡോ. കോയ സാഹിബിന്റെ ഭാര്യയുടെ നിര്യാണത്തെ തുടർന്ന് പാർട്ടി ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നതിനാൽ എല്ലാ പാർട്ടി പരിപാടികളും മാറ്റിവെച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിൽ അമിനി ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ യൂണിറ്റ് തയ്യാറല്ലെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.
പാർട്ടിയുടെ നിലപാട് സംബന്ധിച്ച് വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യക്തത വരുത്താനും പ്രവർത്തകരോട് പൂക്കുഞ്ഞി പാറ്റാക്കാട അഭ്യർഥിച്ചു.
