ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തീരദേശ ഭൂമിയുടെയും മത്സ്യബന്ധന അവകാശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണം – ഓൾ ഇന്ത്യ ഫിഷർമാൻ കോൺഗ്രസ്



ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തലമുറകളായി ആശ്രയിച്ചുവരുന്ന തീരദേശ ഭൂമിയും കടൽത്തീരങ്ങളും സംരക്ഷിക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അവകാശങ്ങൾ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഫിഷർമാൻ കോൺഗ്രസ് ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി, പ്രസിഡന്റ്‌ താഹ മാളികയുടെ നേതൃത്വത്തിൽ  ഫിഷറീസ് ഡയറക്ടറെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.

ടൂറിസം വികസനത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികൾ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന തീരദേശ പ്രദേശങ്ങൾ ഭരണകൂടം ഏറ്റെടുക്കുന്നതും അവിടങ്ങളിലേക്കുള്ള മത്സ്യത്തൊഴിലാളികളുടെ പ്രവേശനം നിയന്ത്രിക്കുന്നതും ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമായി നിർത്തുന്നതിനും നങ്കൂരമിടുന്നതിനും, ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും, പിടിച്ചെടുക്കുന്ന മത്സ്യം സംസ്കരിക്കുന്നതിനും ഉണക്കുന്നതിനും ഈ തീരദേശ പ്രദേശങ്ങൾ അത്യന്താപേക്ഷിതമാണ്. ഇത്തരം സ്ഥലങ്ങൾ നഷ്ടപ്പെടുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും പരമ്പരാഗത ജീവിതരീതിയെയും നേരിട്ട് ബാധിക്കും.

കടൽക്ഷോഭവും തീരശോഷണവും മൂലം തകർന്ന തീരപ്രദേശങ്ങൾ പുനരുദ്ധരിക്കുന്നതിൽ ആവശ്യമായ ശ്രദ്ധ ചെലുത്താതെ, മത്സ്യത്തൊഴിലാളികൾക്ക് ഉപകാരപ്രദമായ തീരദേശ ഭൂമികൾ ടൂറിസം പദ്ധതികൾക്കായി ഏറ്റെടുക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

രാജ്യത്തിന്റെ മറ്റു തീരദേശ മേഖലകളിൽ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അവകാശങ്ങൾ സംരക്ഷിക്കുന്നതുപോലെ ലക്ഷദ്വീപിലും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്ന നടപടികൾ ഒഴിവാക്കി, പരമ്പരാഗതമായി അവർ ഉപയോഗിച്ചുവരുന്ന തീരദേശ പ്രദേശങ്ങൾ മത്സ്യത്തൊഴിലാളികൾക്കായി സംരക്ഷിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികളുടെ അടിയന്തര ഇടപെടൽ ഉറപ്പാക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഓൾ ഇന്ത്യ ഫിഷർമാൻ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *